കര്‍ണാടകത്തിലെ കോലാറില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. ‘നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത്…? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാര്‍ പുറത്തുവരും…’ എന്നായിരുന്നു 2019 ഏപ്രില്‍ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമര്‍ശം.
ബിജെപിയുടെ സൂറത്ത് വെസ്റ്റ് എംഎല്‍എ പൂര്‍ണേഷ് മോദി നല്കിയ പരാതിയിലാണ് സൂറത്ത് സിജെഎം കോടതി കേസെടുത്തത്. റാലിയിലെ പ്രസംഗം തിരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഇതിന്റെ സിഡിയും പെന്‍ഡ്രൈവും പരിശോധിച്ച കോടതി രാഹുല്‍ ഗാന്ധിക്കെതിരായ ആരോപണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എച്ച്എച്ച് വര്‍മയാണ് വിധി പ്രസ്താവിച്ചത്.
വാക്കാലോ രേഖാമൂലമോ ഉള്ള അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ക്കുറ്റമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് വിധി. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് ശിക്ഷ മരവിപ്പിക്കുകയും 10,000 രൂപയുടെ ബോണ്ടില്‍ ജാമ്യം അനുവദിക്കുകയും ചെയ്തു.
മോദി എന്നപേരില്‍ സമുദായമില്ലെന്നും പ്രസംഗത്തില്‍ വിമര്‍ശിച്ചത് നരേന്ദ്രമോദിയെ ആയതിനാല്‍ അദ്ദേഹത്തിനേ പരാതിനല്കാന് കഴുയൂവെന്നുമായിരുന്നു രാഹുലിന്റെ അഭിഭാഷകരുടെ മുഖ്യവാദം. പൂര്‍ണേഷ് മോദിയുടെ ആദ്യ ജാതിപ്പേര് ‘ഭൂട്ട്വാല’ എന്നാണെന്നും ചൂണ്ടിക്കാട്ടി. മോദിസര്‍ക്കാരിന്റെ അഴിമതികളെയാണ് പരാമര്‍ശിച്ചതെന്നും പ്രസംഗം മൊത്തത്തില്‍ വിലയിരുത്തുകയാണ് വേണ്ടതെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍, ‘മോധ്വാനിക് ഘഞ്ചി’ എന്ന സമുദായത്തിന്റെ വിളിപ്പേരാണ് ‘മോദി’യെന്ന പരാതിക്കാരന്റെ വാദം കോടതി അംഗീകരിച്ചു. കോലാര്‍ ജില്ലയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വീഡിയോഗ്രാഫറും ഉള്‍പ്പെടെയുള്ളവര്‍ പരാതിക്കാരന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഭൂപേന്ദ്ര പട്ടേല്‍ മന്ത്രിസഭയില്‍ കാബിനറ്റ് മന്ത്രിയായിരുന്ന പൂര്‍ണേഷ് മോദി ഇക്കുറിയും അതേ മണ്ഡലത്തില്‍ വിജയിച്ചു.
പൂര്‍ണേഷിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് 2022 മാര്‍ച്ചില്‍ ഹൈക്കോടതി ഈ കേസിന്റെ വിചാരണ സ്റ്റേ ചെയ്തതാണ്. സിഡി യുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ പരിശോധിക്കുമ്പോള്‍ പ്രതി ഹാജരുണ്ടാകണമെന്ന പരാതിക്കാരന്റെ ആവശ്യം വിചാരണക്കോടതി നിരാകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഇദ്ദേഹം ഹൈക്കോടതിയിലെത്തിയത്. എന്നാല്‍, ലഭ്യമായ തെളിവുകളില്‍ സംതൃപ്തനാണെന്ന് ഹൈക്കോടതിയെ ഇദ്ദേഹം അറിയിച്ചതിനെത്തുടര്‍ന്ന് സ്റ്റേ നീക്കി.
കഴിഞ്ഞമാസം വിചാരണ പുനരാരംഭിച്ചു. മാര്‍ച്ച് 18-നാണ് വാദം പൂര്‍ത്തീകരിച്ചത്. തുടർന്ന് ശിക്ഷ വിധിക്കുകയും, ഒപ്പം അപ്പീൽ നൽകുവാൻ ജാമ്യം അനുവദിയ്ക്കുകയും ചെയ്തു.

