ദീപാവലി സമ്മാനമായ് പത്ത് ലക്ഷം തൊഴിൽ അവസരങ്ങളുമായ് കേന്ദ്രസർക്കാരിന്റെ ‘റോസ്ഗര്‍ മേള’. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ‘റോസ്ഗര്‍ മേള’ എന്നു പേരിട്ടിരിക്കുന്ന വലിയ തൊഴില്‍ മേളയുടെ ഉദ്ഘാടനം ഒക്ടോബര്‍ 22-ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കും.
ചടങ്ങില്‍ 75,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ അപേക്ഷ നല്‍കാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നതിനും പൗരന്മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്ന സുപ്രധാന ചുവടുവയ്പായിരിക്കും ‘റോസ്ഗര്‍ മേള’ എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഈ വര്‍ഷം ജൂണില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോടും മന്ത്രാലയങ്ങളോടും അടുത്ത ഒന്നര വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പേരെ “മിഷന്‍ മോഡില്‍” റിക്രൂട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും മന്ത്രാലയങ്ങളിലെയും മാനവ വിഭവശേഷിയുടെ സ്ഥിതി അവലോകനം ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പുതിയ നിര്‍ദ്ദേശമെന്ന് ഓഫീസ് (പിഎംഒ) അറിയിക്കുന്നു. രാജ്യത്തുടനീളമുള്ള പുതിയ നിയമനങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്റിന്റെ 38 മന്ത്രാലയങ്ങളിലോ വകുപ്പുകളിലോ ആയിരിക്കും. നിയമിതരായവര്‍ ഗ്രൂപ്പ് എ, ബി (ഗസറ്റഡ്), ഗ്രൂപ്പ് ബി (നോണ്‍ ഗസറ്റഡ്), ഗ്രൂപ്പ് സി എന്നിങ്ങനെ വിവിധ തലങ്ങളില്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഭാഗമാകും.
കേന്ദ്ര സായുധ സേനാംഗങ്ങള്‍, സബ് ഇന്‍സ്പെക്ടര്‍മാര്‍, കോണ്‍സ്റ്റബിള്‍മാര്‍, എല്‍ഡിസി, സ്റ്റെനോ, പിഎ, ആദായനികുതി ഇന്‍സ്പെക്ടര്‍മാര്‍, എംടിഎസ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. മന്ത്രാലയങ്ങളും വകുപ്പുകളും സ്വയമേവയോ UPSC, SSC, റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് തുടങ്ങിയ റിക്രൂട്ടിംഗ് ഏജന്‍സികള്‍ വഴിയോ പുതിയ നിയമനങ്ങള്‍ നടത്തും. വേഗത്തിലുള്ള നിയമനങ്ങള്‍ക്കായി തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ലളിതമാക്കുകയും സാങ്കേതികവിദ്യ പ്രാപ്തമാക്കുകയും ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

