മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകട മരണങ്ങളിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളി കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കമലേശ്വരത്തെ ഹാർബർ എൻജിനീയറിങ് ഓഫീസ് ഉപരോധിച്ചു.
അടിയന്തരമായി ട്രിച്ചിംഗ് നടത്തുക, സർക്കാർ വാഗ്ദാനം നൽകിയ മറ്റു രക്ഷാപ്രവർത്തനങ്ങൾ ഉടൻ നടപ്പിലാക്കുക, മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ വീതം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.
പ്രതിഷേധ പരിപാടിയിൽ മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, പൂന്തുറ ജയ്സൺ, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് മാരായ അഡോൾഫ് ജി മൊറായിസ്, പൊഴിയൂർ ജോൺസൺ, സംസ്ഥാന ഭാരവാഹികളായ ഹെൻട്രി വിൻസന്റ്, വെട്ടുകാട് ജോർജ്, അടിമലത്തുറ ഫ്രാൻസിസ്, കെനഡ്ഡി ലൂയിസ്, ജ്യോതി ആൻഡ്രൂ തുടങ്ങിയവർ സംസാരിച്ചു. വാഗ്ദാനങ്ങൾ പാലിക്കാത്ത പക്ഷം ഉദ്യോഗസ്ഥരെ അടക്കം തീരങ്ങളിൽ തടഞ്ഞു ശക്തമായ പ്രക്ഷോഭ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് നേതാക്കൾ പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് മാരായ ഔസേപ്പ് ആന്റണി, അൻസാരി, ജില്ലാ ഭാരവാഹികളായ ബി സി മുത്തപ്പൻ, രവീന്ദ്രൻ, കുഞ്ഞുമോൻ തുടങ്ങിയവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.