അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖ തീരത്ത് അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികൾക്കു സുരക്ഷയൊരുക്കാൻ നിയോഗിച്ച റെസ്ക്യു ബോട്ട് തിരയടിയിൽ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ സാധിക്കാത്തവിധം സാങ്കേതിക തകരാറുള്ളതിനാൽ ഉപയോഗിക്കാതെ നശിക്കുന്നു.
മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റിനു വേണ്ടി ഒരു വർഷത്തിനു മുൻപു കൊല്ലം സ്വദേശിയിൽനിന്നു വൻതുക വാടക നൽകിയെടുത്ത ‘മാതാ’ എന്ന സുരക്ഷാ ബോട്ടാണ് മത്സ്യത്തൊഴിലാളികൾക്ക് ഉപകാരപ്രദമാകാതെ നശിക്കുന്നത്.
കഴിഞ്ഞ ദിവസം കഠിനംകുളം പുത്തൻതോപ്പ് ഭാഗത്തുണ്ടായ ബോട്ടപകടത്തിൽ ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. രക്ഷാപ്രവർത്തനത്തിനു പോകുന്നതിനിടെ റെസ്ക്യു ബോട്ട് എൻജിൻ പ്രവർത്തനരഹിതമായി കടലിലകപ്പെട്ടു. കോസ്റ്റൽ പൊലീസുകാരും ബോട്ട് ജീവനക്കാരും ആശങ്കയിലായി. മണിക്കൂറുകൾക്കു ശേഷം കോസ്റ്റൽ പൊലീസ് വിഭാഗമെത്തി ബോട്ടിലുണ്ടായിരുന്നവരെ കരയിലെത്തിച്ചു. തുടർന്നു ഇന്നലെ മറ്റൊരു ബോട്ട് എത്തിച്ചാണു കേടായിക്കിടന്ന ബോട്ടിനെ കെട്ടിവലിച്ചു ഉച്ചയോടെ മുതലപ്പൊഴി തുറമുഖ തീരത്തെത്തിച്ചത്.
സാങ്കേതികപ്പിഴവുകൾ ഏറെയുള്ള ബോട്ടാണു രക്ഷാപ്രവർത്തനത്തിനു നിയോഗിച്ചിട്ടുള്ളതെന്നു നേരത്തെതന്നെ പരാതിയുണ്ടായിരുന്നു. 10 വർഷത്തിലേറെ പഴക്കമുള്ള ബോട്ടിൽ ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയിട്ടില്ലെന്നു മറൈൻ എൻഫോഴ്സ്മെന്റ്–കോസ്റ്റൽ പൊലീസ് അധികൃതർ പറഞ്ഞു. ബോട്ടിന്റെ നിയന്ത്രണ സംവിധാനമടക്കം തകരാറിലാണെന്നു ബന്ധപ്പെട്ടവരെ ഒട്ടേറെ ത്തവണ അറിയിച്ചിട്ടും നടപടിയുണ്ടായില്ല. റിവേഴ്സ് സംവിധാനം തകരാറിലായതിനാൽ തിര ശക്തമാകുന്ന അവസരങ്ങളിൽ ബോട്ട് മുതലപ്പൊഴി പാലത്തിനു സമീപം ഒതുക്കിയിടും.
ബോട്ടിനു ഇൻഷുറൻസ് ഉൾപ്പെടെയുള്ള കൃത്യമായ രേഖകളില്ലെന്നും റെസ്ക്യു വിഭാഗത്തിൽപെട്ടവർ തന്നെ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഇതേ ബോട്ടിൽ കടലിൽ പട്രോളിങ് നടത്തുന്ന അവസരങ്ങളിൽ രേഖകളില്ലാത്ത ബോട്ടുകളെ കണ്ടെത്തി 25,000 രൂപ വരെ പിഴയിടുമ്പോൾ പട്രോളിങ് സംഘം സഞ്ചരിക്കുന്ന ബോട്ടിനു രേഖ ഇല്ലെന്നതും ശ്രദ്ധിക്കുന്നില്ല. പൊലീസ് പട്രോളിങ്ങിനു നിയോഗിക്കപ്പെടുന്ന ബോട്ടിന് 5 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല എന്നിരിക്കെ സാങ്കേതികത്തകരാറുകൾ പരിഹരിക്കുന്നതിനു പകരം വർഷംതോറും പുറമേ പെയിന്റടിച്ചുള്ള ‘മുഖം മിനുക്കൽ’ മാത്രമാണു നടത്തുന്നതെന്നും ആക്ഷേപമുണ്ട്. ഇത് രാഷ്ട്രീയ – ഉദ്യോഗസ്ഥ തലത്തിലെ അഴിമതിയാണ് വ്യക്തമാക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.