മഹാ ശിവരാത്രിയുടെ ഭാഗമായുള്ള ശിവാലയ ഓട്ടത്തിന് വെള്ളിയാഴ്ച തുടക്കം കുറിക്കും. ശിവരാത്രിയോടനുബന്ധിച്ച് നടക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് ഉള്ളതെന്നതും പ്രത്യേകതയാണ്.
ഒരു രാത്രിയും പകലുംകൊണ്ട് ഏകദേശം 110 കി.മീ. ദൂരം സഞ്ചരിച്ച് 12 ശിവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ശിവാലയ ഓട്ടത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നെത്തുന്ന ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കും.
വിളവങ്കോട്, തിരുവട്ടാർ, കൽക്കുളം താലൂക്കിലെ 12 ശിവക്ഷേത്രങ്ങളിലാണ് ചിട്ടയോടെ ഓടി ദർശനം നടത്തുന്നത്.
മുഞ്ചിറയ്ക്ക് സമീപം തിരുമല ക്ഷേത്രത്തിൽ ശൂലപാണിയായും, തിക്കുറിശ്ശിയിൽ മഹാദേവനായും, തൃപ്പരപ്പിൽ വീരഭദ്രനായും, തിരുനന്തിക്കരയിൽ നന്ദികേശ്വരനായും, പൊന്മനയിൽ തീമ്പിലാധിപനായും, പന്നിപ്പാകത്തു കിരാത മൂർത്തിയായും, കൽക്കുളത്ത് നീലകണ്ഠനായും, മേലാങ്കോട്ട് കാലകാലനായും, തിരുവിടയ്ക്കോട്ടിൽ ജടയപ്പനായും, തിരുവിതാംകോട്ടിൽ പരശുപാണിയായും തൃപ്പന്നികോട്ടിൽ ഭക്തപ്രിയനായും ശിവൻ ദർശനം നൽകും. തിരുനട്ടാലത്ത് അർദ്ധനാരീശ്വരനെ തൊഴുത് ഒാട്ടം പൂർത്തിയാക്കും.
ശിവരാത്രിനാളിൽ 12 ശിവക്ഷേത്രങ്ങളിൽ ഓരോ വർഷവും ഓരോ ക്ഷേത്രങ്ങളിലായി നടക്കുന്ന ഘൃതധാര ഇക്കുറി ഒമ്പതാമത്തെ ക്ഷേത്രമായ തിരുവിടയ്ക്കോട് ക്ഷേത്രത്തിൽ നടക്കും.

