മഹാകവി കുമാരനാശാന്റെ ജന്മനാടായ കായിക്കരയിലെ സ്മാരകം കാടുകയറി നശിയ്ക്കുന്നു. കവിയുടെ ഓർമ്മയ്ക്കായി നിർമ്മിച്ച സ്മാരകമാണ് പരിചരണമില്ലാത്തതിനെ തുടർന്ന് കാടുകയറി നശിയ്ക്കുന്നത്.
കവിയുടെ കാവ്യശകലങ്ങൾ പുതുതലമുറയ്ക്ക് പകരാനും കവിത ആസ്വദിക്കാനും കവിതാരചനകൾക്ക് വേണ്ട അന്തരീക്ഷം ഒരുക്കാനും വേണ്ടി ആസൂത്രണം ചെയ്ത കാവ്യഗ്രാമ പദ്ധതിയും മുടങ്ങിയ അവസ്ഥയിലാണ്.
പ്രകൃതിഭംഗിയാൽ കടലിനോട് ചേർന്ന് കിടക്കുന്ന സ്മാരകത്തിന് എന്തുകൊണ്ടും മുതൽക്കൂട്ടാകുമായിരുന്ന പദ്ധതി ഇന്നും എങ്ങുമെത്താത്ത അവസ്ഥയിലാണ്.
സ്മാരകത്തെ ഉന്നതതലങ്ങളിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി, കുമാരനാശാന്റെ വേൾഡ് പ്രൈസ് സമ്മാന വേദിയിൽ പ്രഖ്യാപിച്ചതിനെ തുടർന്ന് വി. ശശി എം.എൽ.എയുടെ ശ്രമഫലമായാണ് രണ്ടാംഘട്ട വികസനത്തിനായി മൂന്ന് കോടി രൂപ കൂടി അനുവദിച്ചിരുന്നു.
ആറ്റിങ്ങൽ കലാപത്തെയും അഞ്ചുതെങ്ങ് കോട്ടയുടെയും സ്മരണകൾ കുറിക്കുന്ന കരിങ്കൽ ശില്പങ്ങൾ, ആശാന്റെ വ്യക്തിപരവും കാവ്യാപരവുമായ കൽസ്തൂപം എന്നിവയും രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നു. വയലാർ രവി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ സ്മാരകത്തിന്റെ ചുറ്റുമതിൽ പോലും പൂർത്തീകരിച്ചിട്ടില്ല. കാവ്യഗ്രാമം പൂർത്തിയാകുന്നതോടെ ആശാൻ സ്മാരകം രാജ്യത്ത് തന്നെ ഏറ്റവും സുന്ദരവും ആസ്വാദ്യകരവുമായ കാവ്യസ്മരണകളിൽ ഒന്നായി മാറുമായിരുന്നു.
നിലവിൽ രണ്ടാം ഘട്ട പദ്ധതിയുടെ പത്ത് ശതമാനം പോലും പൂർത്തീകരിച്ചിട്ടില്ല. ഒന്നാംഘട്ടത്തിൽ നാഴികമണി, സ്തൂപവും ശില്പവും ഓപ്പൺ എയർ ഓഡിറ്റോറിയവും പൂർത്തീകരിച്ചിരുന്നു.
കാവ്യഗ്രാമത്തിൽ ഉൾപ്പെട്ട മറ്റൊരുപ്രധാനപ്പെട്ട പദ്ധതിയായിരുന്നു സാഗരോദ്യാനം. വിനോദസഞ്ചാരികൾക്ക് കടൽ കാഴ്ചകൾ ആസ്വദിക്കാൻ തീരത്ത് ബെഞ്ചുകൾ സ്ഥാപിക്കുകയും കുട്ടികൾക്കായുള്ള പാർക്കുമാണിതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ പണികളും ആരംഭിക്കാനായിട്ടില്ല.
നിലവിൽ ചുവരുകളും നടപ്പാതയും മേൽക്കൂരയുടെ പണികളും പകുതിയിലാണ്. ഉദ്യാനവത്കരണവും നടപ്പാതാ നിർമ്മാണം, ആശാൻ കവിതകൾ കേൾപ്പിക്കാനുള്ള സംവിധാനങ്ങൾ, കടൽ കാഴ്ച ആസ്വദിക്കാനുള്ള കൽ ഇരിപ്പിടങ്ങളും ഹരിതവത്കരണവും കോൺക്രീറ്റ് ഇരിപ്പിട സംവിധാനങ്ങളും ടോയ്ലെറ്റ് കോംപ്ലക്സ് എന്നിവയും രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. സംസ്ഥാന സർക്കാരിന്റെ നിർമ്മിതികേന്ദ്രമാണ് പദ്ധതിയുടെ നോഡൽ ഏജൻസി.
നിലവിൽ നിർമ്മാണം ഉപേക്ഷിച്ച അവസ്ഥയിലാണ്, തന്മൂലം സ്മാരകവും അനുബന്ധ പ്രദേശവും കാടുകയറി ഇഴജന്തുക്കളാൽ നിറഞ്ഞിരിക്കുകയാണ്, ഇത് സമീപത്ത് പ്രവർത്തിയ്ക്കുന്ന ആശാൻ മെമ്മോറിയൽ എൽപി സ്കൂൾ വിദ്യാർത്ഥികളെ ഭീതിയിലാക്കുന്നു.
കഴിഞ്ഞ ദിവസം തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സ്മാരക ഇൻസ്റ്റിറ്റ്യൂട്ടിനെ അന്തർദേശീയ ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിയ്ക്കെയാണ് ആശാന്റെ ജന്മനാട്ടിലെ സ്മാരകം കാടുകയറി നശിയ്ക്കുന്നത്.








മുകളിൽ പറഞ്ഞ കായിക്കരയിലെ ആശാൻ സ്മാരകത്തിൻ്റെ
ദുരവസ്ഥ കാണുമ്പോൾ ഒരു കായിക്കരകാരൻ എന്ന നിലയ്ക്ക്
ഞാനറിയാതെ ഒരു നോവ് ഞാൻ അനുഭവിയ്ക്കാറുണ്ട്.
പ്രത്യേകിച്ചു ഇന്നലെ ഞാൻ തോന്നയ്ക്കൽ വഴി യാത്ര ചെയ്തപ്പോൾ അവിടത്തെ അലങ്കാരങ്ങളും VIP കളുടെ സാന്നിദ്യവുമുക്കെ എന്നെ ഒരുപാടു നൊമ്പരപ്പെടുത്തുകയും
എല്ലാ രീതിയിലും അവഗണിയ്ക്കപ്പെടുകയും ചെയ്തിരിയ്ക്കുന്ന എന്റെ കായിക്കരയെ ഞാൻ വിഷമത്തോടും ആശാൻ സ്മാരകത്തിലെ ഇപ്പോഴത്തെ ഉദ്യോഗസ്ഥരോട് എനിയ്ക്കൽപം
ദേഷ്യവും അനുഭവപ്പെട്ടു എന്ന വസ്തുത ഞാൻ ഇവിടെ തുറന്നു പറയുവാൻ ആഗ്രഹിയ്ക്കുന്നു.
എന്ന്
ട.സുഭാഷ്(ഉണ്ണി)