Thursday, August 29, 2024
HomeKERALAനവരാത്രി : പുസ്തക പൂജ തുടങ്ങി, നാളെ ആയുധ പൂജ.

നവരാത്രി : പുസ്തക പൂജ തുടങ്ങി, നാളെ ആയുധ പൂജ.

നവരാത്രി ആഘോഷങ്ങള്‍ക്ക് വിപുലമായ രീതിയില്‍ തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്നലെ മുതല്‍ തുടങ്ങി നാല് ദിവസങ്ങളില്‍ വിവിധ പൂജകള്‍ നടക്കും. നവരാത്രിയോട് അനുബന്ധിച്ച വിശേഷ ചടങ്ങുകള്‍ക്കും ദേവീ പൂജകള്‍ക്കും സംഗീതോത്സവങ്ങള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി എല്ലാ ക്ഷേത്രങ്ങളും സജീവമായി തന്നെ ഒരുങ്ങിയിട്ടുണ്ട്.

ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലുമായി പുസ്തകങ്ങളുടെ പൂജവെയ്പ്പ് ഇന്നലെ വൈകീട്ടോടെ തുടങ്ങി. ദുര്‍ഗാഷ്‌ടമി ദിനമായ ഇന്നും പൂജവയ്‌പ് നടക്കും. നാളെ മഹാനവമി ദിനത്തിലാണ് ആയുധ പൂജ. മറ്റന്നാള്‍ വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പുജയെടുപ്പ്. തുടര്‍ന്ന് വിദ്യാരഭം നടക്കും. വിദ്യാരംഭത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പതിവ് പോലെ ഇത്തവണയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദുര്‍ഗാഷ്‌ടമി നാളില്‍ ദേവിയെ ദുര്‍ഗയായും മഹാനവമി ദിനത്തില്‍ മഹാലക്ഷ്‌മിയായും വിജയദശമി ദിനത്തില്‍ സരസ്വതിയായും സങ്കല്‍പ്പിച്ചുള്ള പൂജകളാണ് നടക്കുക. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ വലിയ ആഘോഷങ്ങളാണ് മഹാനവമി ദിനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരിക്കുന്നത്.

ഐതിഹ്യം അനുസരിച്ച്‌ അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച്‌ ദേവി വിജയം നേടിയത് മഹാനവമി ദിനത്തില്‍. മൈസൂരിലാണ് മഹിഷാസുരന്‍ ഉണ്ടായിരുന്നത് എന്നതിനാല്‍ ദേവിയുടെ ഈ വിജയം മൈസൂരിലെ ജനങ്ങള്‍ വിപുലമായി രീതിയില്‍ ആഘോഷിക്കുന്നു. ഈ ദിനങ്ങളിലെ. മൈസൂര്‍ ദസറ ഏറെ പ്രസിദ്ധമാണ്. രാവണനെ വധിക്കാനായി ശ്രീരാമന്‍ വ്രതമെടുത്തത് മഹാനവമി ദിനത്തിലാണ് എന്നും വിശ്വാസമുണ്ട്. ഉത്തരേന്ത്യക്ക് പുറമെ പശ്ചിമ ബംഗാള്‍, ഒഡീഷ, അസം, ബീഹാര്‍, ഝാര്‍ഖണ്ഡ്, ത്രിപുര എന്നിവയുള്‍പ്പെടെ സംസ്ഥാനങ്ങളും മഹാനവമി ദിനം വ്യത്യസ്തമായ രീതിയില്‍ ആഘോഷിക്കാറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES