നിലയ്ക്കാമുക്കിൽ മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് സഹപ്രവർത്തകനെ കത്രിക കൊണ്ട് കുത്തിക്കൊന്ന സംഭവത്തിന് പ്രേരണയായത് ജോലിനഷ്ടപ്പെടുത്തിയതിലെ വൈരാഗ്യമെന്ന്.
കീഴാറ്റിങ്ങൽ, വിളയിൽമൂല എസ്.എസ് ഭവനിൽ ഷിബുവിനെയാണ് (45) തിങ്കളാഴ്ച വൈകിട്ട് വക്കം നിലയ്ക്കാമുക്ക് പഴയ ബിവറേജിസിന് സമീപം വച്ച് കൊലപ്പെടുത്തിയത്. കടയ്ക്കാവൂർ ചാവടിമുക്ക് ‘തിരുവാതിരയിൽ’ വരുണിനെ (40) കടയ്ക്കാവൂർ പൊലീസ് പിടികൂടി.
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജലസേചന വകുപ്പിന്റെ പണികൾ നടത്തുന്ന കരാറുകാരന്റെ സൂപ്പർവൈസറായിരുന്നു ഷിബു. ഇതേ കരാറുകാരന്റെ ഡ്രൈവറായിട്ടാണ് പ്രതിയായ വരുൺ ജോലി ചെയ്തിരുന്നത്. ജോലി സ്ഥലത്തുണ്ടായ പ്രശ്നങ്ങളെ തുടർന്ന് കരാറുകാരൻ രണ്ടാഴ്ച മുമ്പ് വരുണിനെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. തിങ്കളാഴ്ച വരുണും ഷിബുവും സുഹൃത്തുക്കളും കൂടി നിലയ്ക്കാമുക്കിൽവച്ച് മദ്യപിക്കുകയും തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയതിന് കാരണം ഷിബുവാണെന്ന് ആരോപിച്ച് വരുണും ഷിബുവുമായി വാക്കുതർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് ഷിബു സുഹൃത്തിനോടൊപ്പം തന്റെ വാഹനത്തിൽ വീട്ടിൽ പോകുന്നതിനായി ഇറങ്ങി. നിലയ്ക്കാമുക്ക് ചന്തയ്ക്ക് പിറകുവശത്തുള്ള കടയിൽ നിന്ന് സാധനം വാങ്ങാൻ ഷിബു പോകവേ പിറകിലൂടെ വന്ന വരുൺ കത്രിക ഉപയോഗിച്ച് ഷിബുവിന്റെ തലയിലും നെഞ്ചിലും കുത്തുകയായിരുന്നു.
രാത്രിയോടെ വരുൺ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഭാര്യ: അനൂജ. മക്കൾ: ശിവതീർത്ഥ, റെച്ചു.

