വായ്പാതിരിച്ചടവ് മുടങ്ങി ജപ്തിയിൽ കുരുങ്ങി കിടപ്പാടവും ജീവിതമാർഗവും നഷ്ടപ്പെടുന്നവർക്ക് ആശ്വാസം പകരാൻ കഴിഞ്ഞമാസം പാസാക്കിയ കേരള നികുതി വസൂലാക്കൽ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.
ബിൽ ജൂലായ് 25ന് ഗവർണർ ഒപ്പുവച്ചിരുന്നു. ജപ്തി നടപടിക്ക് ഇടവരുത്തുന്ന വായ്പാ കുടിശികയിൽ കാൽലക്ഷം വരെ തഹസിൽദാർക്കും, ഒരു ലക്ഷംവരെ ജില്ലാകളക്ടർക്കും അഞ്ചു ലക്ഷംവരെ റവന്യു മന്ത്രിക്കും 10 ലക്ഷംവരെ ധനമന്ത്രിക്കും 20 ലക്ഷംവരെ മുഖ്യമന്ത്രിക്കും അതിനു മുകളിൽ സർക്കാരിനും ഇടപെട്ട് ജപ്തി നടപടി താത്കാലികമായി നിറുത്തിവയ്ക്കാൻ അധികാരം നൽകുന്നതാണ് നിയമഭേദഗതി.
സഹകരണ, ദേശസാത്കൃത, ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കുകളുടെയും ജപ്തി നടപടിയിൽ സർക്കാരിന് ഇടപെട്ട് വായ്പ എടുത്തയാൾക്ക് ആശ്വാസം നൽകാം. എന്നാൽ, വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ ധനകാര്യ സ്ഥാപനങ്ങൾക്ക് നേരിട്ട് ജപ്തി നടപടികൾ നടത്താൻ അധികാരം നൽകുന്ന സർഫാസി ആക്ടിൽ ഇടപെടാനാവില്ല.
ജപ്തി നടപടികൾ നീട്ടിവയ്പ്പിക്കാനും വായ്പാതുക തിരിച്ചടയ്ക്കാൻ കൂടുതൽ ഗഡുക്കളായി സാവകാശം ലഭ്യമാക്കാനും സർക്കാരിന് ഇടപെടാം. പിഴപ്പലിശയുൾപ്പെടെ 12ൽ നിന്ന് 9% ആയി കുറയ്ക്കാനും ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വില്പന നടത്താൻ ഉടമയ്ക്ക് അവസരം നൽകാനും സർക്കാരിനാകും. വാങ്ങുന്നയാളും വിൽക്കുന്നയാളും ചേർന്ന് നിശ്ചിതഫോമിൽ കളക്ടർക്ക് അപേക്ഷ നൽകിയാൽ ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമിയുടെ വില്പന രജിസ്റ്റർ ചെയ്യാനാകും.
കൂടാതെ, ജപ്തി ചെയ്യപ്പെട്ട ഭൂമി സർക്കാർ ബോട്ട് ഇൻ ലാൻഡ് സംവിധാനത്തിലേക്ക് മാറ്റി കൈമാറ്റം ചെയ്യപ്പെടാതെ സംരക്ഷിക്കാം, അഞ്ചു വർഷത്തിനുള്ളിൽ തുക ഒരുമിച്ചോ ഗഡുക്കളായോ അടച്ച് തിരിച്ചെടുക്കാൻ ഉടമയ്ക്കോ അനന്തരാവകാശികൾക്കോ അവസരം നൽകാനുമാകും.