മുൻ മുഖ്യമന്ത്രിയും എസ്എൻ ട്രസ്റ്റ് സ്ഥാപകനുമായ ആർ.ശങ്കറിൻ്റെ സ്മൃതിദിനാചരണം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ്റെ നേതൃത്വത്തിൽ സഭവിള ശ്രീനാരായണാശ്രമം ഹാളിൽ വിവിധ പരിപാടികളോടെ നടന്നു.
ആർ.ശങ്കർ ഛായാചിത്രത്തിനു മുന്നിൽ നടന്ന പുഷ്പാർച്ചനയിലും പ്രാർഥനാസംഗമത്തിലും ഒട്ടേറെ സമുദായ സ്നേഹികളും എസ്എൻഡിപി യോഗം പ്രവർത്തകരും പങ്കു കൊണ്ടു. ആർ.ശങ്കർ സ്മൃതി സംഗമ സമ്മേളനം യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പ്രദീപ് സഭവിളയുടെ അധ്യക്ഷതയിൽ എസ്എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി.സീരപാണി ആർ.ശങ്കർ വിദ്യാഭ്യാസ പരിഷ്കരണ രംഗത്തെ കുലപതി എന്ന വിഷയത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ജില്ല ഗുരുക്ഷേത്ര ഗുരുമണ്ഡപ സമിതി പ്രസിഡൻ്റ് ബൈജു തോന്നയ്ക്കൽ, ജോയിൻ്റ് സെക്രട്ടറി സുരേഷ് തിട്ടയിൽ, അഴൂർ എസ്എൻഡിപി ശാഖാ യോഗം പ്രസിഡൻ്റ് സി.ത്യാഗരാജൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ നിർധന കുടുംബങ്ങൾക്കുള്ള തുടർ ചികിൽസാധന സഹായങ്ങളും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കു ഏർപ്പെടുത്തിയിട്ടുള്ള ആർ.ശങ്കർ സ്മാരക എൻഡോവ്മെൻ്റുകളും വിതരണം ചെയ്തു.ആർ ശങ്കറിൻ്റെ സ്മരണയ്ക്കായി യൂണിയൻ കൗൺസിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രഥമ ആർ.ശങ്കർ സ്മാരക മാനവസേവ പുരസ്കാരം ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രസിഡൻ്റ് സി.വിഷ്ണുഭക്തന് ചടങ്ങിൽ സെക്രട്ടറി ശ്രീകുമാർപെരുങ്ങുഴിയും ഡോ.ബി.സീരപാണിയും ചേർന്നു കൈമാറി. സർവ്വ മത പ്രാർഥനയും നടന്നു.

