വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിർമ്മാണം പൂർത്തിയാക്കിയ അഞ്ചുതെങ്ങ് വില്ലജ് ഓഫീസ് മന്ദിരത്തിന്റെ ഉൽഘാടനം അനന്തമായ് വൈകുന്നു. വകുപ്പ് മന്ത്രിയുടെ സമയക്കുറവാണ് മന്ദിരോത്ഘാടനത്തിന് തടസ്സമാകുന്നത്.
ഇറങ്ങുകടവ് – മാമ്പള്ളി റോഡിൽ ലക്ഷങ്ങൾ ചെലവഴിച്ചു തുടങ്ങിയ കെട്ടിടം പണി എട്ടോളം തവണ പലപല കാരണങ്ങളെ തുടർന്ന് നിലച്ചിരുന്നു. തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ ഭാഗമായാണ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കിയത്. എന്നാൽ നിർമ്മാണം പൂർത്തിയാക്കി രണ്ട് മാസത്തോളമായിട്ടും വകുപ്പ് മന്ത്രിയുടെ ഡേറ്റ് ലഭിയ്ക്കാത്തത്തിനെ തുടർന്ന് ഉൽഘാടനം വൈകുന്ന അവസ്ഥയിലാണ്.
സ്മാർട്ട് വില്ലേജ് ലക്ഷ്യവുമായി 44 ലക്ഷം രൂപ ഫണ്ടിൽ ഇരു നിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ മന്ദിരമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഫ്രണ്ട് ഓഫിസ്, വിശ്രമകേന്ദ്രം, ഓഫിസ് ഹാൾ, കുടിവെള്ളം, പ്രത്യേക ശുചിമുറികൾ, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യം എന്നിവ ഉൾപ്പെടെയായിരുന്നു നിർമ്മാണം. നിർമിതി കേന്ദ്രത്തിമായിരുന്നു മേൽനോട്ട ചുമതല.
നിലവിൽ കായിക്കരയിൽ സ്വകാര്യ കെട്ടിടത്തിലാണ് വില്ലേജ് ഓഫിസ് പ്രവർത്തിക്കുന്നത്. ഇവിടെ കായിക്കര കടവ് പാല നിർമ്മാണ പ്രവർത്തികളുടെ ഭാഗമായി ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കി തുടങ്ങുകയും ചെയ്തിരിക്കുകയാണ്. നിലവിൽ സ്‌ഥലപരിമിതിയിൽ നട്ടംതിരിയുന്ന കെട്ടിടത്തിൽ പ്രാഥമിക സൗകര്യങ്ങളടക്കം ഇല്ലെന്നിരിയ്ക്കെ ഇവിടുത്തെ ജീവനക്കാർ വീർപ്പുമുട്ടുന്ന അവസ്ഥയിലുമാണ്.
പുതിയ മന്ദിരത്തിന് ചുറ്റുമതിൽ ഇല്ലാത്തത് അനധികൃത പാർക്കിങ്ങിനും കയ്യേറ്റങ്ങൾക്കും കാരണമാകുന്നുണ്ട്. കൂടാതെ, ഫ്ലാഗ് പോൾ, മുന്നറിയിപ്പ് സൈറൺ, അനൗൺസ്‌മെന്റ് സംവിധാനങ്ങളും സ്ഥാപിക്കാനുണ്ട്.

