Sunday, September 1, 2024
HomeCRIME & POLICEകഠിനംകുളത്ത് തോക്ക് പിടികൂടിയ സംഭവം : പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റൊരു തോക്ക്കൂടി കണ്ടെത്തി.

കഠിനംകുളത്ത് തോക്ക് പിടികൂടിയ സംഭവം : പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റൊരു തോക്ക്കൂടി കണ്ടെത്തി.

കഠിനംകുളത്ത് തോക്ക്മായി അക്രമികളെ പിടികൂടിയ സംഭവത്തിൽ വഴിത്തിരിവ്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മറ്റൊരു തോക്ക്കൂടി കണ്ടെത്തി.

കഴിഞ്ഞ ദിവസമാണ് കഠിനംകുളത്ത് ഗുണ്ടാ സംഘത്തിൽ നിന്ന് തോക്കും മാരകായുധങ്ങളും പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ കഠിനംകുളം പൊലീസ് അറസ്റ്റു ചെയ്തിരുന്നു. വർക്കല റാത്തിക്കൽ സ്വദേശി 31കാരനായ ഷാഹുൽ ഹമീദ്, കണിയാപുരം മലമേൽപറമ്പ് സ്വദേശി മനാൽ (32)​ എന്നിവരെയാണ് പിടികൂടിയത്. സംഘത്തിലെ മറ്റൊരു പ്രതിയായ ചാന്നാങ്കര സ്വദേശി ഫവാസ് രക്ഷപ്പെട്ടിരുന്നു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

പിടിയിലായ കണിയാപുരം സ്വദേശി മനാലിന്റെ വീട്ടിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മറ്റൊരു തോക്കും എയർ ഗണ്ണുംകൂടി വീണ്ടും കണ്ടെത്തുകയായിരുന്നു.

കഠിനംകുളം ചാന്നാങ്കര അണക്കപ്പിള്ള പാലത്തിനു സമീപം കഴിഞ്ഞ ദിവസം രാത്രി 11ഓടെയാണ് സംഭവം. ഒരു ബൈക്കിലെത്തിയ മൂന്നുപേർ റോഡിൽ നിന്ന യുവാക്കളുമായി തർക്കത്തിലായി. തുടർന്ന് ബൈക്കിൽ നിന്നും ഇറങ്ങിയൊരാൾ കത്തിയുമായി ആക്രമണത്തിനൊരുങ്ങി. കത്തിവീശി ആക്രോശിച്ചെത്തിയ പ്രതി നാട്ടുകാരെ പലവട്ടം ആക്രമിക്കാൻ ശ്രമിച്ചു. ബഹളം കേട്ട് കൂടുതൽ നാട്ടുകാരെത്തി സംഘത്തെ കീഴ്പ്പെടുത്തുന്നതിനിടെ ചാന്നാങ്കര സ്വദേശി ഫവാസ് ബൈക്കുമായി രക്ഷപെടുകയായിരുന്നു. പിടികൂടിയ രണ്ടുപേരെ പരിശോധിച്ചപ്പോഴാണ് ഒരു തോക്കും വാളും കത്തിയും ഇവരിൽ നിന്ന് കണ്ടെത്തിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കഠിനംകുളം പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതികളുടെ വീട്ടിൽ നടത്തിയ തെരച്ചിലിൽ ഒരുവീട്ടിൽ നിന്നും വീണ്ടും രണ്ട് തോക്കുകൾ കൂടി കണ്ടെത്തിയത്.

ആദ്യം പിടികൂടിയത് പിസ്റ്റൾ ബ്രസീൽ നിർമ്മിതമാണ്. തോക്ക് ഗൾഫിൽ നിന്നും കൊണ്ടുവന്നതാണെന്ന് മനാൽ പൊലീസിനോടു പറഞ്ഞു. പിടിയിലായ വർക്കല സ്വദേശി ഷാഹുൽ ഹമീദ് പീഡനമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു തോക്കുകൾക്കൊന്നും ലൈസൻസ് ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആറ്റിങ്ങൾ ഡിവൈ.എസ്.പി പ്രതികളെ ചോദ്യം ചെയ്തു. ഒരാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷനുമായാണ് ഗുണ്ടാ സംഘം എത്തിയതെന്ന് നാട്ടുകാർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES