അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ ഉൾപ്പെട്ട ഭിന്നശേഷിക്കാരുടെ ഡാറ്റ ബാങ്കില്ലാത്തതിനെ തുടർന്ന് വിവര ശേഖരണത്തിനായ് ഭിന്നശേഷിക്കാർതന്നെ മുന്നിട്ടിറങ്ങുന്നു.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ പൂത്തുറ – നെടുങ്ങണ്ട – മീരാൻകടവ് തുടങ്ങിയ മേഖലൾക്കുള്ളിൽ സ്ഥിരതാമസക്കാരായുള്ള ഭിന്നശേഷിക്കാരുടെ എണ്ണവും വിശദ വിവരങ്ങളും ഗ്രാമ പഞ്ചായത്തിൽ ഇല്ലാത്തതിനെ തുടർന്നാണ് ഒരുകൂട്ടം ഭിന്നശേഷിക്കാർ തന്നെ വിവരശേഖരണത്തിനായ് മുന്നിട്ടിറങ്ങുവാൻ തയ്യാറായത്.
ഗ്രാമ പഞ്ചായത്തിന്റെ പക്കൽ തങ്ങളുടെ വിവരങ്ങൾ ഇല്ലാത്തത് തങ്ങൾക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കുന്നതിനും തടസ്സമാകുന്നത് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽക്കൂടിയാണ് അഞ്ചുതെങ്ങിൽ നിന്നുള്ള ഒരുകൂട്ടം ഭിന്നശേഷിക്കാരുടെ ഈ നീക്കം. ഇതിനായി ഗ്രാമ പഞ്ചായത്തിന്റെ സഹായവും ഇവർ അഭ്യർത്ഥിച്ചിട്ടുണ്ട്.
പലപ്പോഴും ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമ സഭ സംഘടിപ്പിക്കുമ്പോൾ ഭിന്നശേഷി ഡാറ്റാ ബാങ്ക് ഇല്ലാത്തതിനാൽ കൂടുതൽ ആളുകൾക്ക് അറിയിപ്പ് നൽകി പങ്കെടുപ്പിക്കുവാൻ കഴിയാത്ത അവസ്ഥയാണ്. കായിക്കര ആശാൻ സ്മാരകത്തിൽ വച്ച് അവസാനമായ് കൂടിയ ഗ്രാമ സഭയിൽ പങ്കെടുത്തത് രണ്ട് പേര് മാത്രവുമാണ്. ഇതിനാൽ പലപ്പോഴും ഭിനശേഷി ഗ്രാമ സഭകൾ ചടങ്ങാക്കി അവസാനിപ്പിക്കുകയാണ് പതിവ്.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് തങ്ങളുടെ അംഗപരിമിതികളെ വകവെയ്ക്കാതെ വിവരശേഖരണത്തിനായി ഒരുകൂട്ടം ഭിന്നശേഷിക്കാർ തന്നെ മുന്നോട്ടു വന്നിട്ടുള്ളത്.
ഇതിനായി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട എല്ലാ ഭിന്നശേഷിക്കാരുടെയും വിവര ശേഖരണമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഗൂഗിൾ ഫോം തയ്യാറാക്കി ഇതുവഴി ഇത്തരം വ്യക്തികളെ സംബന്ധിയ്ക്കുന്ന പൂർണ്ണ വിവരങ്ങളും ശേഖരിക്കുകയാണ് ലക്ഷ്യം.

