ഇന്ന് മത്സ്യത്തൊഴിലാളി / മത്സ്യബന്ധന ദിനം.
മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങളും ആവശ്യങ്ങളും പൊതു സമൂഹത്തിനുമുമ്പാകെ അവതരിപ്പിക്കുന്നതിനും പരിഹാരം കാണുന്നതിനുമായാണ് ലോക മത്സ്യത്തൊഴിലാളി ദിനം ആചരിക്കപ്പെടുന്നത്. മത്സ്യമേഖലയുടെ പ്രാധാന്യം, വിഭവ സംരക്ഷണത്തിന്റെ ആവശ്യകത എന്നിവ സംബന്ധിച്ച് ജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനുള്ള ശ്രമമാണ് മത്സ്യത്തൊഴിലാളി ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം.
ലോക മത്സ്യത്തൊഴിലാളി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഗ്ലോബല്‍ ഫിഷറീസ് കോണ്‍ഫറന്‍സിന് ഇത്തവണ വേദിയാകുന്നത് ഭാരതത്തിലാണ്. ഇന്നും നാളെയുമായി അഹമ്മദാബാദിലെ ഗുജറാത്ത് സയന്‍സ് സിറ്റിയിലാണ് കോൺഫറൻസ് നടക്കുക.
മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും സംഭാവനകളും നേട്ടങ്ങളും ആഘോഷിക്കുന്നതിനും മേഖലയുടെ സുസ്ഥിരവും തുല്യവികസനത്തിനുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതിനുമാണ് കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല പറഞ്ഞു. സാഗര്‍ പരിക്രമ, പിഎംഎംഎസ്വൈ, ഫിഷറീസ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ വികസനങ്ങളും സംരംഭങ്ങളും സമ്മേളനത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.
ലോകത്തിലെ 12 മത്സ്യജൈവ വൈവിധ്യ സമ്പന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ലോകത്തൊട്ടാകെ അറിയപ്പെടുന്ന 26,000 മത്സ്യഇനങ്ങളിൽ 2700 ഇനം മത്സ്യവും ഇന്ത്യയിൽ കണ്ടുവരുന്നുണ്ട്. ഇന്ത്യയിലെ കടൽ മത്സ്യഇനങ്ങളുടെ ഏകദേശം 30 ശതമാനവും ശുദ്ധജല മത്സ്യങ്ങളുടെ 25 ശതമാനവും കേരളത്തിലാണ് കണ്ടുവരുന്നത്. എന്നാൽ, നമ്മുടെ മത്സ്യജൈവ സമ്പന്നതയെ നിലനിർത്തുന്ന ഒട്ടുമിക്ക ആവാസ വ്യവസ്ഥകളും മനുഷ്യരുടെ ഇടപെടൽമൂലം തകർച്ചയിലാണെന്നതാണ് സത്യം.
പരിസ്ഥിതി സുസ്ഥിരതയും ആവാസ വ്യവസ്ഥയുടെ നിലനിൽപ്പും ജനിതക സമ്പത്തിന്റെ സുസ്ഥിരമായ ഉപയോഗവും ജൈവ വൈവിധ്യ സംരക്ഷണത്തിന്റെ മൂന്ന് ഉപാധികളാണ്. ജല ആവാസവ്യവസ്ഥകളുടെ സംരക്ഷണം മാനവരാശിയുടെ നിലനിൽപ്പുമായി അഭേദ്യമായി ഇഴചേർന്ന് നിൽക്കുന്നു.
മത്സ്യമേഖല നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിയുന്നതിനും മത്സ്യജനിതക സമ്പത്ത് വരും തലമുറയ്ക്കായി നിലനിർത്തുന്നതിനും പാർശ്വവൽക്കരിക്കപ്പെട്ട മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതി ത്വരിതപ്പെടുത്തുന്നതിനുമുള്ള നിരവധി പദ്ധതികളാണ് കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ആവിഷ്കരിച്ച് നടപ്പാക്കിവരുന്നത്.

