അഞ്ചുതെങ്ങ് മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ഹാർബർ എഞ്ചിനീയറിങ് വകുപ്പ് 164 കോടി രൂപയുടെ വിശദമായ പദ്ധതി രൂപ രേഖ തയ്യാറാക്കി.
മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തെ പ്രവേശന കവാടത്തിൽ അടിക്കടി തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച്
കേന്ദ്ര സർക്കാർ സ്ഥാപനമായ സി.ഡബ്ല്യൂ.പി.ആർ.എസിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയിരിക്കുന്നത്.
ഇത് പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ കൂടി അഭിപ്രായം പരിഗണിച്ച് തയാറാക്കിയ റിപ്പോർട്ടാണെന്നാണ് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നത്. മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേപുലിമുട്ടിന്റെ നീളം 425 മീറ്റർ വർധിപ്പിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്.
ഇതോടൊപ്പം മുൻ പദ്ധതി രേഖയിൽ ഉൾപ്പെട്ടിരുന്ന പുതിയ വാർഫ്, ലേലപ്പുര, വാട്ടർടാങ്ക്, വിശ്രമ മുറികൾ ടോയ്ലെറ്റ് ബ്ലോക്ക്, കടകൾ, റോഡിന്റെയും പാർക്കിങ് ഏരിയയുടെയും നവീകരണം, വൈദ്യുതീകരണ ജലവിതരണ പ്രവൃത്തികളുടെ നവീകരണം എന്നീ പ്രധാന ആവിയങ്ങളും ഉൾപ്പെട്ടിട്ടുണ്ട്.
മുതലപ്പൊഴി വികസനത്തിനായി ഹാർബർ എഞ്ചിനീയറിങ് വകുപ്പ് പദ്ധതി രൂപരേഖ കേന്ദ്രസർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. എന്നാൽ കേന്ദ്രസഹായം തേടി കേരളം സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊപ്പോസലിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ഒക്ടോബറിൽ കേന്ദ്രസർക്കാർ ഇത് മടക്കി നൽകുകയും വിശദമായ റിപ്പോർട്ട് ആവിശ്യപ്പെടുകയുമായിരുന്നു.
എന്നാൽ, കേന്ദ്രസർക്കാർ ഈ ആവിശ്യം മുന്നോട്ട് വച്ച് മാസങ്ങൾ കഴിഞ്ഞും സംസ്ഥാന സർക്കാർ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിരുന്നു.
ഇത് സംബന്ധമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതിയിൽ മുതലപ്പൊഴി ഫിഷിംങ് ഹാർബറിന് കേന്ദ്ര സഹായത്തിനായി കേരളം പുതിയ പ്രൊപോസൽ സമർപ്പിക്കേണ്ടതുണ്ടെന്ന് പാർലമെന്റിലെ ചോദ്യോത്തര വേളയിലാണ് ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല ലോക്സഭയിൽ മറുപടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി രൂപ രേഖ തയ്യാറാക്കി സമർപ്പിക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾ തയ്യറായത്.
ഹാർബർ എഞ്ചിനീയറിങ് വകുപ്പ് തയ്യാറാക്കിയ പദ്ധതി രേഖ മുഖ്യമന്ത്രി പിണറായി വിജയന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും സംഘവും മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തി കൈമാറുകയായിരുന്നു. ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനിൽ, എം.എൽ.എമാരായ വി.ജോയി, വി.ശശി, ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എസ് ശ്രീനിവാസ് ഐഎഎസ്, ഹാർബർ എഞ്ചിനീയറിങ് വകുപ്പ് ചീഫ് എഞ്ചിനീയർ മുഹമ്മദ് അൻസാരി, സൂപ്രണ്ടിങ് എഞ്ചിനീയർ കുഞ്ഞി മമ്മു പർവത്ത്, എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിൽകുമാർ ജി.എസ് എന്നിവരും പങ്കെടുത്തു.

