കാലവർഷത്തിന് മുന്നോടിയായി മുതലപ്പൊഴിയിലെ ആഴകുറവിന് പരിഹാരം കാണുമെന്ന സർക്കാർ വാഗ്ദാനം പാഴ് വാക്കാകുന്നു. അഴിമുഖത്തുണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളി മരണപ്പെട്ട സാഹചര്യം ഉണ്ടായിട്ടും മണൽതിട്ട ഇപ്പോഴും ഭീഷണിയായി തുടരുകയാണ്.അഴിമുഖത്ത് 5 മീറ്റർ ആഴഉറപ്പാക്കണമെന്നാണ് വ്യവസ്ഥ.നിലയിൽ മണലും കുറ്റൻ പാറക്കല്ലുകളും അടിഞ്ഞുകൂടി 2 മീറ്റർ പോലും ആഴമില്ലാത്ത സാഹചര്യമാണ്.
നൂറുകണക്കിന് വള്ളങ്ങളും ആയിരക്കണക്കിന് തൊഴിലാളികളുമാണ് മുതലപ്പൊഴിയെ ആശ്രയിക്കുന്നത്.അഴിമുഖത്തെ അഴകുറവ് പരിഹരിക്കാൻ ചുമതലപ്പെടുത്തിയ കരാർ കമ്പനിയായ അദാനി ഗ്രൂപ്പിൻ്റെ മെല്ലെ പോക്കാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.എസ്കവേറ്റർ ഉപയോഗിച്ചുള്ള മണൽ നീക്കമാണ് മാസങ്ങളായി നടന്നുവരുന്നത്.ഓരോ തവണയും മണൽ മാറ്റുംതോറും ഇരട്ടിയിലേറെ മണൽ അടിഞ്ഞു കൂടുകയാണ്. ഡ്രഡ്ജർ എത്തിച്ച് മണൽ നീക്കം വേഗത്തിലാക്കണമെന്ന മത്സ്യതൊഴിലാളികളുടെ ആവശ്യം ഇനിയും പരിഗണിക്കപ്പെട്ടില്ല.
കാലവർഷത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അഴിമുഖത്ത് അപകടങ്ങളുടെ എണ്ണം വർദ്ധിക്കുമെന്ന് ആശങ്കയും മത്സ്യത്തൊഴിലാളികൾക്കുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ രക്ഷാപ്രവർത്തനത്തിന് മതിയായ സംവിധാനങ്ങളുമില്ല. കഴിഞ്ഞവർഷം ഒരുക്കിയത് പോലെ മുങ്ങൾ വിദഗ്ധരുടെ സേവനവും ആവശ്യമായ ബോട്ടുകളും ഒരുക്കണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.
തുറമുഖത്തെ അപകട സാധ്യത കണക്കിലെടുത്ത് മുതലപ്പൊഴി അഴിമുഖം അടച്ചിടണമെന്ന ശുപാർശ ഫിഷറീസ് വകുപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ ഈ ശുപാർശയോട് എതിരാണ്.ചില തൊഴിലാളികൾ മറ്റു ഹാർബറുകളിൽ മത്സ്യബന്ധനത്തിന് പോകാൻ തയ്യാറാണെങ്കിലും അതിനുവേണ്ടി വരുന്ന ഇന്ധന ചെലവും മറ്റു സ്ഥലങ്ങളിൽ ഇവരുടെ ബോട്ടുകൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷയിലും തൊഴിലാളികൾക്ക് ആശങ്കയുണ്ട്.

