അഞ്ചുതെങ്ങ് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റില്ലെന്ന നിലപാടാണ് മുൻപ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്.
ഇതോടെ, കേന്ദ്ര ഫണ്ട് ലഭിക്കില്ലെന്ന കർശന നിർദ്ദേശവുമായി കേന്ദ്ര സർക്കാരും രംഗത്ത് വന്നതോടെയാണ് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കി മാറ്റാൻ സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
ഇതോടെയാണ് അഞ്ചുതെങ്ങിൽ പ്രവർത്തിക്കുന്ന (സിഎച്ച് സി) സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെത് ഉൾപ്പെടെ പേര് മാറ്റി രേഖപ്പെടുത്തൽ പ്രവർത്തികൾ ആരംഭിച്ചത്.
സബ് സെന്ററുകൾ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെൽത്ത് സെന്റർ, സാമൂഹ്യ ആരോഗ്യ കേന്ദ്രം, (സിഎച്ച്സി) പ്രാഥമിക ആരോഗ്യകേന്ദ്രം (പി.എച്ച്.സി), അർബൻ ഫാമിലി ഹെൽത്ത് സെന്റർ (യു.പി.എച്ച്.സി), അർബൻ പബ്ലിക് ഹെൽത്ത് സെന്റേഴ്സ് എന്നിവയുടെ പേരാണ് ആയുഷ്മാന് ആരോഗ്യ മന്ദിർ എന്നു മാറ്റുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും ബോർഡിൽ പേര് എഴുതണമെന്നും നിർദ്ദേശമുണ്ട്.
സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ മിഷന്റെയും ആർദ്രം മിഷന്റെയും ലോഗോ ബോർഡിൽ ഉണ്ടായിരിക്കണം. ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന പേരിനൊപ്പം ആരോഗ്യം പരമം ധനം എന്ന ടാഗ് ലൈനും ഉൾപ്പെടുത്തണം.
2023 ഡിസംബറിനുള്ളിൽ ആശുപത്രികളുടെ പേര് മാറ്റണമെന്നായിരുന്നു കേന്ദ്ര നിർദേശം. എന്നാൽ തെരഞ്ഞെടുപ്പ് വന്നതോടെ നടപടികൾ നീണ്ടുപോകുകയായിരുന്നു.

