മുതലപ്പൊഴി – പെരുമാതുറ കടൽത്തീരം ശുചീകരിച്ച് നവമാധ്യമ കൂട്ടയ്മ പ്രവർത്തകർ. മാലിന്യങ്ങൾകൊണ്ട് നിറഞ് മലിനമായ അഞ്ചുതെങ്ങ് മുതലപ്പൊഴി ബീച്ചും പരിസരവുമാണ് യുവതികളും യുവാക്കളുമടങ്ങുന്ന ഒരുസംഘം നവമാധ്യമ കൂട്ടായ്മ പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചീകരിച്ചത്.
വിദേശികളും സ്വദേശികളുമായ നൂറുകണക്കിന് സഞ്ചാരികൾ ദിനംപ്രതി വന്നു പോകുന്ന ജില്ലയിലെ വളർന്നുവരുന്ന പ്രധാന ടൂറിസം കേന്ദ്രമായ അഞ്ചുതെങ്ങ് മുതലപ്പൊഴി ബീച്ചും പരിസരവും കൃത്യമായ ഇടവേളകളിലെ ശുചിത്വ പരിപാലനമില്ലാത്തതിനെ തുടർന്ന് പ്ലാസ്റ്റിക്, പേപ്പറുകൾ, കുപ്പികൾ തുടങ്ങി അനവധി ചപ്പു ചവറുകളുംകൊണ്ട് നിറഞ് മലിനമായ അവസ്ഥയിലായിരുന്നു.
ജില്ലയിലെ മുൻകിട ടൂറിസം കേന്ദ്രങ്ങളോട് പോലും കിടപിടിക്കുവാൻ കഴിയും വിധം പ്രകൃതി മനോഹരമായ മുതലപ്പൊഴിയെ മാലിന്യം നിറഞ്ഞ അവസ്ഥയിൽ നിന്ന് കരകയറ്റുകയെന്ന ലക്ഷ്യത്തോടെയും ശുചിത്വ ബോധത്തിലൂന്നിയ ടൂറിസം സംസ്കാരം നടപ്പിലാക്കുവാൻ അധികൃതരിൽ സമ്മർദ്ദം ചെലുത്തുകയുമെന്ന ഉദ്ദേശത്തോടെയാണ് കൂട്ടായ്മ പ്രവർത്തകർ ശുചീകരണ പ്രവർത്തികളിൽ പങ്കാളികളായത്.
ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി മുരളി നിർവ്വഹിച്ചു. പരിപാടിയിൽ വാർഡ് മെമ്പർ സൂസി, കോസ്റ്റൽ പോലീസ് ഡിപ്പാർട്മെന്റ്, ഹരിത സേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

