തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ചരിത്ര പ്രസിദ്ധമായ ഭദ്രകാളി ക്ഷേത്രമാണ് ചിറയിൻകീഴ് ശ്രീ ശാർക്കര ദേവി ക്ഷേത്രം. ഇവിടെ കുംഭ മാസം ഒന്നാം തീയതിയിൽ നടത്തപ്പെടുന്ന പൊങ്കാല മഹോൽസവം വളരെ പ്രസിദ്ധമാണ്. കോവിഡ് കാരണം കഴിഞ്ഞ വർഷങ്ങളിൽ പൊങ്കാല മഹോൽസവം നടന്നിരുന്നില്ല. ഇത്തവണ വൻ ഭക്തജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്.
പുലർച്ചെ 4 മണിക്കുള്ള നിർമ്മാല്യം മുതൽ തന്നെ വൻ ക്യൂവായിരുന്നു ദേവി ദർശനത്തിനുണ്ടായിരുന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരുടെ ഒഴുക്കായിരുന്നു. വിശാലമായ ശാർക്കര മൈതാനത്തിന് പുറമെ, ശാർക്കര – വലിയകട റോഡിലും, ശാർക്കര – കടകം – മഞ്ചാടിമൂട് റോഡിലും, ശാർക്കര – മഞ്ചാടിമൂട് ബൈപാസ് റോഡിലും, ശാർക്കര – പണ്ടകശാല റോഡിലും പൊങ്കാല ഇടാൻ വൻ തിരക്കായിരുന്നു. രാവിലെ 9.45 നുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര തന്ത്രി തോട്ടക്കാട് കോയിക്കൽ മഠം ശ്രീ പ്രകാശൻ നമ്പൂതിരി തീ പകർന്നു.
ദേവസ്വം ജീവനക്കാർക്ക് പുറമെ ചിറയിൻകീഴ് എംഎൽഎ വിശശി, ആറ്റിങ്ങൽ ഡിവൈഎസ്പി ശ്രീ ജി വിനു, ഉപദേശക സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു. ആനയൂട്ട്, പഞ്ചാരിമേളം, നാദസ്വര കച്ചേരി എന്നിവ ഉണ്ടായിരുന്നു. ആറ്റിങ്ങൽ ഡിവൈഎസ്പി ശ്രീ ജി വിനുവും ചിറയിൻകീഴ് എസ്എച്ച്ഒ ശ്രീ മുകേഷും പോലീസ് സേനയ്ക്കും മറ്റും നേതൃത്വം നൽകി. ആറ്റിങ്ങൽ ഫയർഫോഴ്സിന്റെയും സ്വകാര്യ ആംബുലൻസുകളുടെയും സേവാഭാരതിയുടെ ആംബുലൻസിന്റെയും സേവനം ലഭ്യമായിരുന്നു. ചിറയിൻകീഴ് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയുടെ വിദഗ്ദ മെഡിക്കൽ വിഭാഗവും സജ്ജമായിരുന്നു. എല്ലാ വർഷത്തേയും പോലെ ഇത്തവണയും സേവാഭാരതി പ്രവർത്തകർ പൊങ്കാല ഇടാൻ വന്ന ഭക്തർക്കിടയിൽ സംഭാര വിതരണം നടത്തുകയുണ്ടായി.
വിവിധ സംഘടനകൾ ദാഹജലവിതരണവും, അന്നദാനവും നടത്തി ഭക്തർക്ക് ആശ്വാസമേകി. ചിറയിൻകീഴ് താലൂക്ക് ഓഫീസിൽ നിന്ന് 5 വാട്ടർ ടാങ്കുകൾ സൗജന്യമായി നൽകിയതിനാലും, കടയ്ക്കാവൂർ പൂങ്കാവനം പദ്ധതിയിൽ നിന്ന് ജലം എത്തിച്ചു നൽകിയതിനാലും ജലക്ഷാമം ഉണ്ടായില്ല. ഉച്ചക്കുള്ള കളഭ പൂജയ്ക്ക് ശേഷം മേൽശാന്തി വന്ന് പണ്ടാര അടുപ്പിലെ പൊങ്കാലയിൽ തീർത്ഥം തളിച്ചതോടെ ഈ വർഷത്തെ പൊങ്കാല മഹോൽസവത്തിന് ഭക്തി നിർഭരമായ പരിസമാപ്തിതിയായി.

