മുതലപ്പൊഴിയിലെ അപകടങ്ങൾ തുടർക്കഥയാവുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ ന്യൂനപക്ഷ കമ്മീഷൻ മുതലപ്പൊഴി സന്ദർശിക്കുവാൻ തീരുമാനിച്ചു.
കമ്മീഷൻ ആസ്ഥാനത്ത് ഇന്നലെ നടത്തിയ സിററിങ്ങിൽ കേസിലെ എതിർകക്ഷികളായ മത്സ്യബന്ധന തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ് ഡയറക്ടർ, തിരുവനന്തപുരം ജില്ലാ കളക്‌ടർ, തീരദേശ പോലീസ് അധികൃതർ, അദാനി പോർട്ട് അധികൃതർ എന്നിവരും കേസിൽ കക്ഷിചേർന്ന ലത്തീൻ കത്തോലിക്ക അസോസിയേഷൻ്റെ ഭാരവാഹികളും സമർപ്പിച്ച റിപ്പോർട്ടുകൾ പരിഗണിച്ച കമ്മീഷൻ, കൂടുതൽ വിവരശേഖരണത്തിനായി അപകടമേഖല നേരിൽക്കാണുവാൻ തീരുമാനമെടുക്കുകയായിരുന്നു.
സെപ്‌തംബർ 12-ാം തീയതി ചെയർമാൻ അഡ്വ. എ.എ.റഷീദിൻ്റെ നേതൃത്വത്തിലാണ് സന്ദർശനം. കമ്മീഷൻ അംഗങ്ങൾ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർ എന്നിവരടങ്ങിയ സംഘം രാവിലെ 9 മണി മുതൽ മുതലപ്പൊഴി സന്ദർശിക്കും. തുടർന്ന് 10 മണി മുതൽ താഴംപള്ളിയിൽ സ്ഥിതി ചെയ്യുന്ന ഹാർബർ എൻജിനി യറിങ്ങ് വകുപ്പിൻ്റെ സബ് ഡിവിഷണൽ ഓഫീസിൽ വെച്ച്, മത്സ്യമേഖലയിൽ പണിയെടുത്ത് ഉപജീവനം നയിക്കുന്നവരെ നേരിൽക്കണ്ട് അഭിപ്രായങ്ങളും പരാതികളും സ്വീകരിക്കും.

