ചരിത്രപ്രസിദ്ധമായ ശാർക്കര കാളിയൂട്ടിന് പരിസമാപ്തിയായി. അസുര മൂർത്തിയായ ദാരികനും ഇഷ്ട വരദായിനിയായ ഭദ്രകാളിയും ഉറഞ്ഞാടിയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. വൈകിട്ട് അഞ്ചു മണിയോടെ ചുട്ടികുത്തുപുരയിൽ നിന്ന് ദേവിയും പരിവാരങ്ങളും തെക്കേ നടയിലെത്തി. വാളുമായി ഭദ്ര പടക്കളത്തിലിറങ്ങിയതോടെ പതിനൊന്ന് കതിനകൾ മുഴങ്ങി.
പോർക്കളത്തിൽ മൂന്നു വലംവച്ച ഭദ്രകാളിയെ വെറ്റിലകൾ എറിഞ്ഞ് ഭക്തജനങ്ങൾ എതിരേറ്റു. തുടർന്നങ്ങോട്ട് അത്യുഗ്ര പോരാട്ടം. വിശ്രമിക്കാനായി പടക്കളത്തിന്റെ തെക്ക് -വടക്ക് ഭാഗങ്ങളിൽ പറണുകൾ കെട്ടിയിരുന്നു. 42 കോൽ പൊക്കത്തിൽ തെങ്ങിൻ തടികൾ നാലെണ്ണം നിറുത്തി അതിന്റെ മുകളിലത്തെ തട്ടിലായിരുന്നു കാളിയുടെ ഇരിപ്പ്. തെക്കുവശത്ത് 27 കോൽ പൊക്കത്തിൽ കെട്ടിയുണ്ടാക്കിയ തട്ടാണ് ദാരികന്.
ദാരികന്റെ അസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെടുന്നു. മോഹാലസ്യം തീർക്കാൻ ദേവി പറണിൽ വിശ്രമിക്കുന്നു. അപ്പോൾ ദുർഗ പ്രത്യക്ഷപ്പെട്ട് ദാരികന്റെ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്നു. ദാരിക ശക്തിയുടെ ഉറവിടമായ ഒരു മന്ത്രം രാക്ഷസ പത്നിയിൽ നിന്ന് മനസിലാക്കിയാൽ വിജയം സുനിശ്ചിതമെന്ന തിരിച്ചറിവിൽ ഭദ്രകാളി അതിനായി പുറപ്പെടുകയാണ്. ക്ഷേത്രത്തിൽ നിന്ന് തീർത്ഥവും പ്രസാദവും വാങ്ങി വർദ്ധിത വീര്യത്തോടുകൂടി വീണ്ടും പോർക്കളത്തിലേക്ക്. പിന്നെ ദാരിക നിഗ്രഹത്തിന് താമസം വന്നില്ല. ദാരികനെ വധിക്കുന്ന രംഗം പ്രതീകാത്മകമായി കുലവാഴ വെട്ടിയാണ് നിർവഹിച്ചത്. തുടർന്ന് വിളക്കെഴുന്നളളിപ്പ് നടന്നു. ഏഴു വലം വിളക്കെഴുന്നളളിപ്പ് കഴിഞ്ഞ് തുളളൽപ്പുരയിലെത്തി മുടിയിറക്കി. മുടിത്താളം തുളളിയ ദേവിയെ പിതാവായ പരമശിവൻ ഉപദേശിച്ച് ശാന്തസ്വരൂപിണിയാക്കുന്നു. കലശത്തിൽ കെട്ടിവച്ചിരുന്ന വിത്തെടുത്ത് ദേവിയുടെ മുടിയിൽ വിതറി സ്ഥാനികളുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ മുടിയിറക്കുന്നതോടെ കാളിയൂട്ടിന് തിരശ്ശീല വീണു. പൊന്നറ കുടുംബാംഗം കാട്ടാക്കട നാഗ ബ്രഹ്മത്തിൽ അശോക് കുമാറാണ് ഭദ്രകാളി വേഷം കെട്ടിയത്. പൊന്നറ കുടുംബത്തിലെ അജി ദാരികനായി.

