റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് കേന്ദ്ര സർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് രൂപ രേഖയായി.
നടപ്പാലം , ലിഫ്റ്റുകൾ, യന്ത്രഗോവണികൾ, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാൻ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്‌ഫോമുകളുടെ നീളവും ഉയരവും കൂട്ടൽ, പ്ലാറ്റ്‌ഫോമുകളിൽ യാത്രക്കാർക്ക് കൂടുതൽ ഇരിപ്പിടങ്ങൾ, വിശ്രമമുറികൾ, നിരീക്ഷണക്യാമറ, ജനറേറ്ററുകൾ എന്നിവയാണ് ഒരുക്കുന്നത്.
സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാർ, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകൾ തിരഞ്ഞെടുത്തത്. ഇവയുടെ നിർമാണത്തിന് റെയിൽവേ മന്ത്രാലയം അനുമതി നൽകി. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്‌കലേറ്ററുകളും സംസ്ഥാനത്തെ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകൾക്ക് ലഭിക്കും.
പൈതൃക തനിമ നിലനിർത്തി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകൾ നവീകരിക്കാൻ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ആദ്യഘട്ടത്തിൽ റെയിൽവേ തീരുമാനിച്ചിരുന്നു.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പുതുക്കിപ്പണിയാൻമാത്രം 496 കോടി രൂപയാണ് അനുവദിച്ചത്. ബെംഗളൂരു ആസ്ഥാനമായ റെയിൽവേ ലാൻഡ് ഡവലപ്‌മെന്റ് അതോറിറ്റിക്കാണ് നിർമാണച്ചുമതല.

