മുഖ്യമന്തിയുടെ ദുരിതാശ്വാസ ഫണ്ടിൽ നടക്കുന്ന തട്ടിപ്പ് കേരളം ഒട്ടുക്കും സി പി എം നേതാക്കളും പ്രവർത്തകരും നേരിട്ട് നേതൃത്വം നൽകിയതാണന്നും അതിനേ പ്രതിരോധിക്കാൻ വേണ്ടി സി പി എം ന്റെ പത്രം ദേശാഭിമാനിയും ,സി. പി എം. സംസ്ഥാന സെക്രട്ടറി .എം.വി. ഗോവിന്ദനും നടത്തുന്നത് ഒരു ഗൂഢാലോചനയുടെ ഭാഗമായാണന്നും അടൂർ പ്രകാശ് എം പി.
യഥാർത്ഥ പ്രതികളെ രക്ഷിക്കുന്നതിനും ,സി പി എമ്മിന് അകത്തു നടക്കുന്ന പാടലപിണക്കങ്ങളിൽ നിന്ന് മാധ്യമ ശ്രദ്ധ തിരിക്കുന്നതിനുള്ള ശ്രമമാണിത്.
ജനപ്രതിനിധി എന്നുള്ള നിലയിൽ നിരവധി പേർ എന്നേയും,എന്റെ ഓഫീസിനേയും എല്ലാ ദിവസവും പല ആവശ്യങ്ങൾക്കായി ബന്ധപ്പെടാറുണ്ട്. ആവശ്യങ്ങളും, ആവലാതികളുമായി വരുന്നവർക്ക് മുന്നിൽ ഞാനോ , എന്റെ ഓഫീസോ വാതിൽ കെട്ടി അടയ്ക്കാറില്ല.
വരുന്നവരുടെ ആവശ്യങ്ങൾ കേട്ട് മനസിലാക്കി അതിന് വേണ്ടുന്ന മേൽ നടപടികൾക്കായി അതിന് ഉത്തരവാദിത്വ പെട്ടവർക്ക് ശുപാർശ കത്തുകൾ നൽകാറുണ്ട്.
ആ കൊടുക്കുന്ന കത്തുകൾക്കു അനുകൂലമായോ പ്രതികൂലമായോ തീരുമാനം എടുക്കേണ്ടത് ബന്ധപെട്ട ഉദ്യോഗസ്ഥരാണ്. ആവശ്യക്കാരുടെ അപേക്ഷ വിശദമായി പരിശോധിച്ച് സഹായം നൽകണമോ,
വേണ്ടയൊ എന്ന് തീരുമാനിയ്ക്കുവാനുള്ള ഉത്തരവാദിത്വം വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർക്കാണ്.ദിവസവും മണ്ഡലത്തതിലുള്ള നൂറു കണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്ക് അവരുടെ എം. പി എന്ന നിലയിൽ എന്റേ ഓഫീസിനെ സമീപിക്കാറുണ്ട്.
പ്രധാനമന്ത്രിയുടെ ചികിത്സ സഹായ പദ്ധതിയിൽ നിന്നും അനുകൂല്യത്തിനായി ഓരോ വർഷവും നൂറു കണക്കിന് അപേക്ഷകൾ എം. പി എന്ന നിലയിൽ എന്റെ ശുപാർശ കത്ത് ഉൾപ്പെടെ ഓഫീസിൽ നിന്നും അയക്കാറുണ്ട്.അപേക്ഷ പരിശോധിച്ചു ആവശ്യമായ രേഖകൾ ഉണ്ടോ എന്ന് നോക്കി ശുപാർശ ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്. അപേക്ഷൻ അതിന് അർഹരാണോ എന്ന് പരിശോധിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിലാണ്. ഇതുപോലെ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നല്കുന്നതിനുളള അവസാന തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. അപേക്ഷയോടൊപ്പം സ്ഥലം എം. പി അല്ലെങ്കിൽ എം. എൽ.എ യുടെ ശുപാർശ കത്തുകൂടി അപേക്ഷയോടൊപ്പം ആവശ്യപെട്ടിട്ടുള്ള ഒരു രേഖയാണ്. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന മറ്റ് രേഖകളായ വരുമാന സർട്ടിഫിക്കറ്റും, ഡോക്ടർ സർട്ടിഫിക്കറ്റും പരിശോധന നടത്തേണ്ടതു എന്റേയോ എന്റെ ഓഫീസിന്റേയും പരിഗണനയിൽ ഉള്ള കാര്യം അല്ല. ഇതെല്ലാം പരിശോധിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ ആണ്.
മുഖ്യമന്ത്രിക്ക് നൽകുന്ന അപേക്ഷ അക്ഷയ കേന്ദ്രങ്ങൾ വഴി ഓൺലൈൻ ആയിട്ടാണ് അയക്കുന്നത്. കേരളം അങ്ങോളം ഇങ്ങോളം സി. പി. എം നേതാക്കൾ നടത്തിയ ഈ തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുണ്ടായ വൻ ക്രമക്കേട് പ്രതിപക്ഷത്തിന്റെ മുകളിൽ കെട്ടിവച്ച് രക്ഷപ്പെടുവാനുളള ശ്രമമാണ് സി പി എം നടത്തുന്നത്.
ഇത് പൊതു സമൂഹം മനസിലാക്കുന്നുണ്ട്.മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ ഫണ്ടിൽ നിന്നും അനർഹർ പണം തട്ടി എടുത്തു എങ്കിൽ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടെ ഓഫീസിനു തന്നെയാണ്. സ്വന്തം പിഴവ് മറക്കാൻ പ്രതിപക്ഷ ജനപ്രതിനിധികളെ മാധ്യമങ്ങളിലൂടെ വലിച്ചിഴച്ചു കുറ്റക്കാരാക്കാൻ നോക്കുകയാണ് സി. പി എം. നേതൃത്വം. നാളേകളിലും ഞാനും എന്റേ ഓഫീസും പൊതുജനങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിക്കും. എനിക്ക് നേരെയുള്ള ഈ വ്യാജ പ്രചരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് അടൂർ പ്രകാശ് എം പി അറിയിച്ചു.

