പത്രാധിപർ കെ.സുകുമാരൻ കേരളകൗമുദിയിലൂടെ നൽകിയിട്ടുളള സംഭാവനകൾ പിന്നോക്ക ജനവിഭാഗങ്ങൾക്കും സമൂഹത്തിന്റെയാകെ പരിവർത്തനത്തിനും സഹായകരമായിത്തീർന്നിട്ടുണ്ടെന്നു പ്രമുഖ ഗുരു പ്രഭാഷകനും ചിറയിൻകീഴ് എസ്എൻഡിപി യൂണിയൻ പ്രഥമ ചെയർമാനുമായിരുന്ന ഡോ.ബി. സീരപാണി അനുസ്മരിച്ചു. സഭവിള ശ്രീനാരായണാശ്രമം ലൈബ്രറി ഹാളിൽ ചിറയിൻകീഴ് എസ്എൻഡിപി യൂണിയനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ഐക്യ വേദി ചിറയിൻകീഴ് താലൂക്ക് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പത്രാധിപർ കെ.സുകുമാരൻ സ്മൃതി സംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഗുരുപ്രസ്ഥാനങ്ങളിലും പിന്നോക്ക ദളിത് സംഘടനകളിലും പ്രവർത്തിക്കുന്ന പുതു തലമുറയിൽ പെട്ടവർക്കു പത്രാധിപരുടെ കർമ്മ രംഗങ്ങൾ ഊർജദായകമാവേണ്ടതുണ്ടെന്നും ഡോ.ബി.സീരപാണി പറഞ്ഞു. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി. ചിത്രാംഗദൻ, എസ്എൻ ട്രസ്റ്റ് ബോർഡംഗം ബൈജു തോന്നയ്ക്കൽ എന്നിവർ സംസാരിച്ചു.
പത്രാധിപരുടെ സ്മരണയ്ക്കായി ഐക്യവേദി ഏർപ്പെടുത്തിയിട്ടുള്ള ജനശ്രേഷ്ഠ പുരസ്കാരം ചിറയിൻകീഴ് താലൂക്കിലെ മുതിർന്ന പത്രപ്രവർത്തകനും ചിറയിൻകീഴ് താലൂക്ക് എസ്എൻഡിപി യൂണിയൻ മുൻ കൗൺസിലറുമായിരുന്ന കടയ്ക്കാവൂർ ശിവദാസിനു(കേരള കൗമുദി) വീട്ടിൽ ചെന്നു കൈമാറാൻ തീരുമാനിച്ചു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കു ഷീൽഡുകളും നിർധന കുടുംബങ്ങൾക്കുള്ള തുടർ ചികിൽസ ധനസഹായവും വിതരണം ചെയ്തു. രാവിലെ ലൈബ്രറി ഹാളിൽ പത്രാധിപരുടെ ഛായാചിത്രത്തിനു മുന്നിൽ യൂണിയൻ ഭാരവാഹികളും ഐക്യ വേദി പ്രവർത്തകരും പുഷ്പാർച്ചന നടത്തി. ദൈവദശക കീർത്തനാലാപനവും നടന്നു.