കഠിനംകുളം വെട്ടുതുറയില്‍ കന്യാസ്ത്രി പഠനത്തിന് എത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നു.
തമിഴ്നാട് തിരുപ്പൂര്‍ സ്വദേശി അന്നപൂരണിയുടെ ആത്മഹത്യയ്ക്ക് കാരണമായാത് കോണ്‍വെന്റിലെ മാനസിക പീഡനമാണെന്നാണ് സഹോദരി അരസി പറയുന്നത്. മഠത്തിലെ പ്രശ്നങ്ങള്‍ വിവരിക്കുന്ന യുവതിയുടെ ഫോണ്‍ സംഭാഷണങ്ങളും പ്രമുഖ ദൃശ്യമധ്യമത്തിലൂടെ ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മുതിര്‍ന്ന കന്യാസ്ത്രികള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നും ഇവിടെ തുടരാന്‍ ആകില്ലെന്നും അന്നപൂരണി പറയുന്ന ടെലിഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂരണിയെ വെട്ടുതുറയിലെ കോണ്‍വെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒരുവര്‍ഷം മുമ്പ് കോണ്‍വെന്റിലെത്തിയ അന്നപൂരണി മുംബയില്‍ പരിശീലനത്തിന് പോയശേഷം കഴിഞ്ഞ മാസമാണ് തിരിച്ചെത്തിയത്. യുവതിയെ ഒപ്പമുണ്ടായിരുന്നവര്‍ ഉപദ്രവിച്ചിരുന്നതായി സഹോദരി അരസി പറഞ്ഞു.
ആത്മഹത്യയ്ക്ക് മുമ്പ് അമ്മയ്ക്കും മദര്‍ സൂപ്പീരിയറിനും കത്തെഴുതിയിരുന്നു. ഇതില്‍ ഒരു കത്ത് മാത്രമാണ് പുറത്തുവന്നത് എന്നും സഹോദരി വ്യക്തമാക്കി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത കഠിനംകുളം പൊലീസാണ് അന്വേഷണം നടത്തുന്നത്. അന്നപൂരണിക്ക് ആത്മഹത്യ ചെയ്യാന്‍ തക്ക മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതായി തോന്നില്ലെന്നാണ് കോണ്‍വെന്റിന്റെ വിശദീകരണം. മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം തമിഴ്‌നാട്ടിലെ തിരുപ്പൂരിലേക്ക് കുടുംബം കൊണ്ടുപോയി.

