അഞ്ചുതെങ്ങ് സ്വദേശികളായ അഞ്ചോളം യുവാക്കളെ കമ്പോടിയയിൽ നിന്ന് കാണാതായതായി പരാതി. അഞ്ചുതെങ്ങ് മണ്ണത്ത് വീട്ടിൽ ഷാൻ തദയൂസ് (24),പണ്ടകശാല തെക്കുംമുറി വീട്ടിൽ ബിൻസ് ലാൽ (24), പുത്തൻമണ്ണ്, ലക്ഷംവീട്ടിൽ നിധിൻ യോഹന്നാൻ (26), വാടയിൽവീട്ടിൽ സച്ചിൻ സജയൻ (23), അമ്മൻകോവിൽ കൊന്നയിൽ വീട്ടിൽ ജോജി സഞ്ചോൺ (22) തുടങ്ങിയവരെയാണ് കമ്പോടിയയിൽ നിന്ന് കാണാതായത്.
കഴിഞ്ഞ ജൂലൈ 1 നാണ് ഇവർ എയർഏഷ്യ വിമാനത്തിൽ തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നും മലേഷ്യയിലെ കോലാലമ്പൂരിലേക്ക് യാത്ര തിരിച്ചത്. അവിടെ നിന്ന് കമ്പോടിയയിലേക്ക് പോകുകയുമായിരുന്നു.
ഈ വിവരം ഇവർ ഫോൺ മുഖേന ബന്ധുക്കളെ അറിയിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു.
തുടർന്ന് ജൂലൈ 4 ന് കമ്പോടിയൻ എമിഗ്രേഷൻ ഓഫിസിലേക്ക് വിസ പ്രോസ്സസ്സ് സംബന്ധമായ കാര്യങ്ങൾക്കായി പോകുകയാണെന്ന് ഇവർ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവരെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
ഇത് ചൂണ്ടിക്കാട്ടി യുവാക്കളുടെ ബന്ധുക്കൾ അഞ്ചുതെങ്ങ് പോലീസിൽ പരാതി നൽകി.

