മാലിന്യ സംസ്ക്കരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിമാർക്ക് നൽകികൊണ്ടുള്ള കേരള പഞ്ചായത്തിരാജ് ഭേദഗതി പാസ്സാക്കി. കൂടാതെ, മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കു പരമാവധി ഒരു വർഷം തടവും 50,000രൂപ പിഴയും ശിക്ഷ നൽകാനുള്ള 2024ലെ കേരള പഞ്ചായത്തിരാജ് (ഭേദഗതി),2024ലെ കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബില്ലുകൾ നിയമസഭ പാസാക്കി.
മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറയ്ക്കും. അവർക്കുള്ള പിഴയും ഫണ്ടിൽ നിന്നെടുക്കും. മാലിന്യ നിർമ്മാർജ്ജനത്തിൽ വീഴ്ച വരുത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്ക് ലൈസൻസ് പുതുക്കി നൽകില്ലെന്നും ബില്ലിന്റെ പറയുന്നു.
സംസ്ഥാനത്ത് നിലവിൽ മാലിന്യം തള്ളിയിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് അത് ഉടൻ നീക്കം ചെയ്യും. കൂടാതെ, മാലിന്യ സംസ്ക്കരണത്തിന്റെ പൂർണ്ണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനത്തിലെ സെക്രട്ടറിക്കായിരിക്കും.
വീഴ്ചവരുത്തിയാൽ സെക്രട്ടറിക്കെതിരെ നടപടിയെടുക്കും. സെക്രട്ടറിക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രണ്ടു ലക്ഷം രൂപ വരെ ചെലവാക്കാൻ അധികാരമുണ്ടായിരിക്കും.നേരത്തെ ഇത് 25000 രൂപയായിരുന്നു.
▪️മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ ഒരു മാസത്തിനുള്ളിൽനടപ്പാക്കിയില്ലെങ്കിൽ മേൽപിഴ ചുമത്തും.
.യൂസർഫീ നൽകുന്നതിൽ 90 ദിവസത്തിനു ശേഷവും വീഴ്ച വരുത്തിയാൽ, പ്രതിമാസം 50% പിഴയോടു കൂടി വസ്തു നികുതിയോടൊപ്പം കുടിശ്ശികയായി ഈടാക്കാം.യൂസർഫീ യഥാസമയം അടയ്ക്കാത്ത വ്യക്തിക്ക് തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള ഏതൊരു സേവനവും ലഭിക്കില്ല.
.ഏതെങ്കിലും വ്യക്തിയെ യൂസർ ഫീയിൽ നിന്ന് ഒഴിവാക്കണമെങ്കിൽ അതിനുള്ള തുക തദ്ദേശസ്ഥാപനം തനത് ഫണ്ടിൽ നിന്ന് ഹരിത കർമ്മസേനയ്ക്ക് അടയ്ക്കണം
.അതിദാരിദ്ര്യ വിഭാഗത്തിൽപ്പെട്ടവരെ യൂസർഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
.100ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പൊതുപരിപാടികൾ നടത്തുന്നതിന് മൂന്ന് ദിവസം മുൻപെങ്കിലും തദ്ദേശസ്ഥാപനത്തിൽ അറിയിക്കണം. മാലിന്യം നിശ്ചിത ഫീസ് നൽകി ശേഖരിക്കുന്നവർക്കോ,ഏജൻസികൾക്കോ കൈമാറണം.
.മാലിന്യസംസ്‌കരണ കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക്, നികുതിയൊഴിവ് കിട്ടും.
.മാലിന്യം വലിച്ചെറിയുന്നത് അറിയിക്കുന്നവർക്ക് സമ്മാനം.
.ദ്രവ മാലിന്യമോ വിസ്സർജ്ജ്യ വസ്തുക്കളോ തെറ്റായ രീതിയിൽ കൈയ്യൊഴിയുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടു കെട്ടാം.

