കടയ്ക്കാവൂർ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന് ഗതാഗതം ദുസ്സഹമായിട്ട് പത്ത് ആണ്ട്. കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ ഗ്യാസ് ഏജൻസി – റെയിൽവേ സ്റ്റേഷൻ റോഡാണ് തകർന്ന് പത്ത് വർഷത്തിലേറെ ആയിട്ടും സഞ്ചാരയോഗ്യമാക്കുവാൻ ഗ്രാമപഞ്ചായത്ത് അധികൃതർ മടി കാട്ടുന്നത്.
കടയ്ക്കാവൂർ – വക്കം – അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തുകളിൽ നിന്നുമുള്ള വിദ്യാർത്ഥികളും സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ തിരുവനന്തപുരത്തും കൊല്ലത്തേക്കും പോകുവാനായി കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ഇവരിൽ നല്ലൊരു പങ്കും ഈ റോഡ് മാർഗ്ഗമാണ് റെയിൽവേ സ്റ്റേഷനിലേക്ക് കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങളിലും മറ്റും കടന്നു പോകുന്ന യാത്രികർക്ക് സഞ്ചാരയോഗ്യമല്ലാത്ത ഈറോഡ് അപകടകെണിയായി മാറിയിരിക്കുകയാണ്. ഈ മേഖലയിലെ കുഴികളിൽ വീണ് ഉണ്ടായ അപകടത്തിൽ ഇതിനോടകം നിരവധി പേർക്കാണ് പരുക്കുപറ്റിയിട്ടുള്ളത്.
പത്ത് വർഷം മുൻപാണ് അവസാനമായി ഈ റോഡ് റീ ടാർ ചെയ്തതായി നാട്ടുകാർ പറയുന്നത്. എന്നാൽ ടാറിങ്ങിന്റെ നിലവാരക്കുറവ് മൂലം വളരെ പെട്ടെന്ന് തന്നെ കുണ്ടും കുഴിയും രൂപപ്പെടുകയായിരുന്നു. മഴക്കാലമായതോടെ ഇതിന്റെ വ്യാപ്തി വർദ്ധിക്കുകയും ചെയ്തു.
പിന്നീട് വന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിൽ ഈ വാർഡിൽ നിന്ന് വിജയിച്ച മെമ്പർ തന്നെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയെങ്കിലും, ഈ റോഡിന്റെ നവീകരണത്തിനായി യാതൊരു ശ്രമങ്ങളും നടത്തിയിരുന്നില്ല. തുടർന്ന് വന്ന ഭരണ സമിതിയും ഇതേ നിലപാട് തന്നെയാണ് തുടരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
റോഡിന്റെ നവീകരണ പ്രവർത്തികൾ ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസികൾ നിരവധിതവണ ഗ്രാമപഞ്ചായത്ത് അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ലെന്നാണ് ഇവിടുത്തെ കാർ പറയുന്നത്. എത്രയും പെട്ടെന്ന് തന്നെ ഈ റോഡ് നവീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.