കോൺഗ്രസ് ഭരണത്തിലുള്ള കിഴുവിലം സഹകരണബാങ്കിൽ വൻ സാമ്പത്തിക തട്ടിപ്പെന്ന് പരക്കെ ആക്ഷേപം. സ്ഥിര നിക്ഷേപങ്ങളിൽ നിന്നും ആവർത്തന നിക്ഷേപങ്ങളിൽ നിന്നും നിക്ഷേപകർ അറിയാതെ ഒരു കോടിയോളം രൂപയുടെ തിരിമറി നടന്നെന്നാണ് ആക്ഷേപം. ബാങ്കിന്റെ കൊച്ചലുംമൂട് ശാഖയിൽ നിന്നാണ് ഏറെയും തിരിമറി നടന്നിരിക്കുന്നത്.
ശാഖാ മാനേജരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നിട്ടുള്ളതെന്നാണ് അറിയുന്നതു. സ്ഥിരനിക്ഷേപകരായ സഹകാരികൾക്ക് നൽകുന്നതിനായി എടുക്കുന്ന രണ്ടു സർട്ടിഫിക്കറ്റുകളിൽ ഒന്ന് കൈക്കലാക്കി നിക്ഷേപകരറിയാതെ വായ്പാ ഇനത്തിലാണ് വൻ തുക തട്ടിയെടുത്തത്. ക്രമക്കേടും തിരിമറിയും ബോധ്യപ്പെട്ടതിനെ തുടർന്ന് ശാഖാ മാനേജരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. അതിനിടെ ഇയാളെ കൊണ്ട് തുക തിരിച്ചടപ്പിച്ച് സംഭവം പുറത്തറിയാതിരിക്കാൻ കൊണ്ട് പിടിച്ച് ശ്രമം നടക്കുന്നുണ്ട്.
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തതുൾപ്പെടെ മുമ്പും കോൺഗ്രസ് നേതൃത്വം നൽകുന്ന ഈ സഹകരണ ബാങ്കിനെതിരെ ആരോപണം ഉണ്ടായിട്ടുണ്ടന്ന് നാട്ടുകാരും നിക്ഷേപകരും പറയുന്നു. ക്രമക്കേടുകൾ പരിശോധിക്കുവാൻ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ ബാങ്കിലെത്തിയാൽ രേഖകൾ നൽകുകയോ സഹകരിക്കുകയോ ചെയ്യാറില്ല.
നിശ്ചിത യോഗ്യത ഇല്ലാത്തവരാണ് ജീവനക്കാരിൽ ഏറെയും സ്വർണ്ണപ്പണയ വായ്പ്പയിലും നിക്ഷേപങ്ങളിലും ക്രമക്കേട് നടന്നതായി സഹകരണ വകുപ്പ് മുമ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കിഴുവിലം സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന സാമ്പത്തികത്തിരിമറി അന്വേഷിച്ചു ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ സഹകരണ മന്ത്രിക്ക് പരാതി നൽകി.

