കടയ്ക്കാവൂർ ഏലാപ്പുറം നെൽ പാടത്ത് മദ്യകുപ്പികളും കുപ്പിച്ചില്ലുകളും കാരണം കൃഷി ചെയ്യാനാകാതെ വലയുകയാണ് കർഷകർ. പള്ളിമുക്ക് ഏലാപ്പുറം വാർഡുകളെ ബന്ധിപ്പിക്കുന്ന കാരക്കുന്ന് റോഡിന്റെ ഇരുവശത്തുമുള്ള വയലുകളിലാണ് മദ്യപസംഘങ്ങൾ ഉപയോഗശേഷം മദ്യക്കുപ്പികൾ വലിച്ചെറിയുന്നത്. പ്രദേശത്ത് വഴിവിളക്കുകൾ ഇല്ലാത്തത് ഇത്തരം പ്രവർത്തികൾക്ക് അനുകൂല സാഹചര്യമുണ്ടാകുന്നുണ്ട്. വൈകുന്നേരങ്ങളിൽ സംഘം ചേർന്ന് മദ്യപിക്കുകയും മദ്യക്കുപ്പികൾ സമീപത്തെ വയലിൽ എറിഞ്ഞു പൊട്ടിക്കുകയുമാണ് ചെയ്യുന്നതെന്ന് നാട്ടുകാർ പറയുന്നു.
രാവിലെ പാടത്തിറങ്ങുന്ന കർഷകരുടെ കാലിൽ ചില്ലുകൾ കൊണ്ട് പരിക്ക് പറ്റുന്നത് പതിവാണ്. നിരവധി തവണ കടയ്ക്കാവൂർ പോലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്ന് കർഷകർ പറയുന്നു. ഭൂമി പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന കർഷകരാണ് അധികവും. ദിവസേന രാവിലെ പാടത്ത് വന്ന് കുപ്പികൾ നീക്കം ചെയ്യേണ്ട അവസ്ഥയിലാണ് കൃഷിക്കാർ. പോലീസും ഗ്രാമപഞ്ചായത്ത് അധികൃതരും അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കാത്ത പക്ഷം മദ്യപാന സംഘങ്ങൾ കാരണം കൃഷി നിലയ്ക്കുന്ന പാടശേഖരമായി ഇവിടം മാറുമെന്ന് കർഷകർ പറയുന്നു.