ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി മണനാക്ക്. നാല് പ്രധാന പാതകൾ ഒന്നിക്കുന്ന മണനാക്ക് ജംഗ്ഷനാണ് വർഷങ്ങളായി ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നത്.
മണനാക്ക് ജംഗ്ഷനിൽ നിന്നും ആറ്റിങ്ങൽ വർക്കല കടയ്ക്കാവൂർ ആലംകോട് ഭാഗത്തേക്ക് സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്നുണ്ട്. റോഡുകളുടെ ശോചനീയാവസ്ഥയും വീതി കുറവും കാരണം ഗതാഗതക്കുരുക്ക് പതിവാണിവിടെ.
നടപ്പാത ഇല്ലാത്തതുകൊണ്ട് കാൽനടയാത്രക്കാരും സ്കൂൾ കുട്ടികളും ഏറെ പ്രയാസപ്പെട്ടാണ് മണനാക്ക് ജംഗ്ഷൻ കടന്നുപോകുന്നത്. റോഡിന് ഇരുവശവും ഉള്ള ഓടകളിൽ പലതിലും സ്ലാബുകൾ ഇല്ലാത്തതും ഓടയുടെ പലഭാഗത്തും കാടുകയറി കിടക്കുന്നതും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
താലൂക്കിന്റെ വിവിധഭാഗങ്ങളിലേക്ക് പോകുന്നതിനായി ദിനംപ്രതി നിരവധി യാത്രക്കാർ എത്തുന്ന മണനാക്ക് ജംഗ്ഷനിൽ ഒരു കാത്തിരിപ്പുകേന്ദ്രം പോലുമില്ല. ജംഗ്ഷനിൽ മതിയായ ദിശ സൂചന ബോർഡ് ഇല്ലാത്തതിനാൽ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന യാത്രക്കാർ ദിശമാറി യാത്ര ചെയ്യുന്നത് കൊണ്ട് അപകടങ്ങൾ പതിവാണിവിടെ.
വിവിധ രാഷ്ട്രീയ പാർട്ടികളുടെ വഴി മറച്ചുള്ള ബോർഡുകളും അലക്ഷ്യമായ വാഹന പാർക്കിംങ്ങുകളും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. ദേശീയപാതയിൽ ആറ്റിങ്ങൽ ഭാഗത്ത് യാത്ര ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നത് മണനാക്ക് ആലംകോട് റോഡ് വഴിയാണ്. ആലംകോട് മീരാൻകടവ് റോഡ് പണിയുടെ ഭാഗമായി മണനാക്ക് ജംഗ്ഷനിലെ റോഡുകളുടെ പല ഭാഗവും വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നതും കൊണ്ടും യാത്രാക്ലേശം അതിരൂക്ഷമാണ് ഇവിടെ. ജംഗ്ഷനിലെ ഗതാഗത കുരുക്കും യാത്രാക്ലേശവും നാട്ടുകാർ പല പ്രാവശ്യം അധികാരികളെ അറിയിച്ചെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു.
മണനാക്ക് ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുവാനായി ട്രാഫിക് വാർഡന്മാരെ നിയമിക്കണമെന്നും, കാൽനടയാത്രക്കാരുടെ യാത്രാക്ലേശം ഒഴിവാക്കുന്നതിനായി റോഡിനിരുവശവും നടപ്പാത നിർമ്മിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളുവാൻ അധികാരികളുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് പെരുംകുളം അൻസാർ, കടയ്ക്കാവൂർ ഒന്നാം വാർഡ് മെമ്പർ ആവിശ്യപ്പെട്ടു.

