അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച മുതലപ്പൊഴി ഹാർബർ പാലത്തിലെ തെരുവ് വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല.
മത്സ്യത്തൊഴിലാളികൾക്കും വിനോദ സഞ്ചാരികൾക്കും ഏറെ ആശ്വാസകരമായിരുന്ന തെരുവ് വിളക്കുകളാണ് മാസങ്ങളായി പ്രകാശിക്കാതായത്.
പാലം യാഥാർഥ്യമായെങ്കിലും നാട്ടുകാരും മത്സ്യത്തൊഴിലാളികളും നടത്തിയ നിരന്തര ശ്രമങ്ങളുടെ ഫലമായാണ് പ്രദേശത്ത് വഴിവിളക്കുകൾ സ്ഥാപിച്ചത്.
മണ്ഡലം എംഎൽഎയും മുൻ ഡെപ്യൂട്ടി സ്പീക്കറുമാ യ വി ശശിയുടെ പ്രദേശിക വികസന ഫണ്ടിൽ നിന്ന് ₹12.70 ലക്ഷം ചെലവഴിച്ചാണ് അന്ന് തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ, സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ ഇവ പ്രവർത്തനരഹിതമാകുകയും ചെയ്തു.
ഇതേതുടർന്ന് പെരുമാതുറ മുതൽ മാമ്പള്ളി വരെ നൂറോളം എൽഇഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ഹാർബർ പാലത്തെക്കൂടി ഉൾപ്പെടുത്തി പുതിയ എൽഇഡി ലൈറ്റുകൾ വീണ്ടും സ്ഥാപിച്ചു. ഇവയാണ് മാസങ്ങളായി വീണ്ടും മിഴിയടച്ചിരിക്കുന്നത്.
ദിവസേന നൂറ്കണക്കിന് സഞ്ചാരികാളാണ് മുതലപ്പൊഴിയുടെ പ്രകൃതിഭംഗി ആസ്വദിയ്ക്കുവാൻ ഇവിടെ എത്തുന്നത്. വഴിവിളക്കുകളുടെ അഭാവം ഈ മേഖല കേന്ദ്രീകരിച്ചുള്ള സാമൂഹ്യവിരുദ്ധശല്യങ്ങൾക്കും കാരണമായിട്ടുണ്ട്.
പ്രദേശത്തെപോലീസ് പെട്രോളിംഗ് ശക്തമല്ലാത്തത്തതും സാമൂഹ്യ വിരുദ്ധശല്യങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്, ഇത് ഈ മേഖലയിലെ ടൂറിസം സാധ്യതകൾക്കും വലിയ തോതിലാണ് മങ്ങലേൽപ്പിച്ചിട്ടുള്ളത്.
എത്രയും പെട്ടെന്ന് തന്നെ ഈ പ്രദേശത്തെ വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കിയും പ്രദേശത്ത് പോലീസ് പെട്രോളിങ് ഉൾപ്പെടെയുള്ളവ ശക്തമാക്കിയും ഈ മേഖലയിൽ എത്തുന്ന വിദേശ ടൂറിസ്റ്റുകൾ ഉൾപ്പെടെയുള്ള വിനോദ സഞ്ചാരികൾക്ക് ആവശ്യമായ സുരക്ഷ ഒരുക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്നാണ് വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും ആവിശ്യം.


