വാമനപുരം നദിയിലെ ജലനിരപ്പ് കുറയുന്നതോടെ കുടിവെള്ള വിതരണ പദ്ധതികളുടെ കാര്യത്തില്‍ ആശങ്ക. നിലവില്‍ വാമനപുരം നദിയില്‍ രണ്ടാഴ്ചയ്ക്കുള്ള വെള്ളം മാത്രമേ ഉള്ളൂവെന്ന് വാട്ടർ അതോറിട്ടി അധികൃതർ വ്യക്തമാക്കി.
ചിറയിൻകീഴ്, വർക്കല, നെടുമങ്ങാട് തുടങ്ങി തിരുവനന്തപുരത്തിന്റെ പകുതിയോളം ഭാഗങ്ങളിലും കുടിവെള്ള വിതരണത്തിന് വാമനപുരം നദിയെയാണ് ആശ്രയിക്കുന്നത്. ജല ഉപയോഗം വർദ്ധിച്ചിട്ടും നദിയില്‍ ജലസംരക്ഷണത്തിന് ആവശ്യമായ മുൻകരുതല്‍ വകുപ്പ് സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
ജല ദൗർലഭ്യം ആരംഭിച്ചതോടെ കുടിവെള്ള ഉപയോഗത്തില്‍ നിയന്ത്രണം വേണ്ടിവരുമെന്ന് വാട്ടർ അതോറിട്ടി അറിയിച്ചിരുന്നു. മറ്റ് ആവശ്യങ്ങള്‍ക്കായി കുടിവെള്ളം വിനിയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ചിറയിൻകീഴ്, വർക്കല താലൂക്കുകള്‍ക്കായി പരവൂർപ്പുഴ കടവിലും സമീപപ്രദേശങ്ങളിലുമായി ഒരു ഡസനോളം പമ്പ് ഹൗസുകള്‍ പ്രവർത്തിക്കുന്നുണ്ട്. ഈ മേഖലയില്‍ മാത്രം രണ്ട് ലക്ഷത്തിലധികം ഗാർഹിക വാട്ടർ കണക്ഷനുകളുമാണ് ഉള്ളത്.

