Monday, November 3, 2025
HomeANCHUTHENGUമുതലപ്പൊഴിയിൽ സ്ഥിരം ലൈഫ് സപ്പോർട്ട് ആംബുലൻസ് സജ്ജമായി

മുതലപ്പൊഴിയിൽ സ്ഥിരം ലൈഫ് സപ്പോർട്ട് ആംബുലൻസ് സജ്ജമായി

മുതലപ്പൊഴി മേഖലയിൽ മത്സ്യത്തൊഴിലാളികളുടെ ജീവന് സുരക്ഷാ കവചമൊരുക്കാനും അടിയന്തിര ഘട്ടങ്ങളിൽ സേവനം ലഭ്യമാക്കാനും ലൈഫ് സപ്പോർട്ട് ആംബുലൻസ് സജ്ജമാക്കി. മുതലപ്പൊഴി സുരക്ഷിതമാക്കാനുള്ള മന്ത്രിതല യോഗത്തിലെ തീരുമാനപ്രകാരം ചിറയിൻകീഴ് എം.എൽ.എ. വി. ശശിയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 25.2 ലക്ഷം രൂപ ചെലവിലാണ് ലൈഫ് സപ്പോർട്ട് ആംബുലൻസ് സജ്ജമാക്കിയിരിക്കുന്നത്. നിലവിലെ താല്‍ക്കാലിക ആംബുലന്‍സ് സംവിധാനത്തിന് പകരമായാണ് സ്ഥിരം ആംബുലന്‍സ് സംവിധാനം ഒരുക്കുന്നത്.

കടലിനോടും കാലാവസ്ഥയോടും പൊരുതി ദൈനംദിന ജീവിതം മുന്നോട്ട് നയിക്കുന്ന ഓരോ മത്സ്യത്തൊഴിലാളിയുടേയും ജീവൻ സർക്കാരിന് വിലപ്പെട്ടതാണ്. മുതലപ്പൊഴി മേഖലയിൽ മത്സ്യത്തൊഴിലാളികൾ കാലങ്ങളായി നേരിടുന്ന നിരന്തര വെല്ലുവിളികൾക്കും സുരക്ഷാപ്രശ്‌നങ്ങൾക്കും ശാശ്വത പരിഹാരം കണ്ടെത്തി ‘അപകടരഹിത മുതലപ്പൊഴി’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ ലക്ഷ്യം മുൻനിർത്തി അപകടത്തിൽപെടുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിരവും ആധുനികവുമായ ചികിത്സാ സഹായം നൽകാൻ ശേഷിയുള്ളതാണ് ഈ ആംബുലൻസ് എന്നും മന്ത്രി പറഞ്ഞു.

24 മണിക്കൂറും മുതലപ്പൊഴിയിൽ സേവനം ലഭ്യമാകുന്ന ഈ ആംബുലൻസില്‍ പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനവും ലഭ്യമാക്കും. ഇന്ന് ( ഒക്ടോബർ 29 ) വൈകുന്നേരം 5.00 ന് മുതലപ്പൊഴി ഹാർബറിൽ വെച്ച് എം.എൽ.എ വി. ശശി ആംബുലന്‍സ് ഔപചാരികമായി നാടിന് സമർപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES