Saturday, August 31, 2024
HomeCHIRAYINKEEZHUമുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) വിടവാങ്ങി.

മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ (86) വിടവാങ്ങി.

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ (86) അന്തരിച്ചു.

രോഗബാധയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടാണ് അന്ത്യം.

1956 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായ ആനത്തലവട്ടം, 1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിനൊപ്പം നിലയുറപ്പിച്ചു. 1985 ല്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി. ആറ്റിങ്ങല്‍ മണ്ഡലത്തില്‍നിന്ന് മൂന്നുവട്ടം എംഎല്‍എയായി. 2008 ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി. സിഐടിയു ദേശീയ വൈസ് പ്രസിഡന്റും അപ്പക്‌സ് ബോഡി ഫോര്‍ കയര്‍ വൈസ് ചെയര്‍മാനുമാണ്. ഭാര്യ ലൈല. മക്കള്‍: ജീവ ആനന്ദൻ, മഹേഷ് ആനന്ദൻ.

1937 ഏപ്രില്‍ 22 ന് തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ചിലക്കൂരില്‍ കേടുവിളാകത്ത് വിളയില്‍ വി.കൃഷ്ണന്റെയും നാണിയമ്മയുടെയും മകനായി ജനിച്ചു. 1954 ല്‍ ഒരണ കൂടുതല്‍ കൂലിക്കു വേണ്ടി നടന്ന കയര്‍ തൊഴിലാളി പണിമുടക്കിലൂടെയാണ് ആനന്ദൻ രാഷ്ട്രീയപ്രവര്‍ത്തനത്തിലെത്തുന്നത്. വര്‍ക്കലയിലെ ട്രാവൻകൂര്‍ കയര്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു സമരം. അക്കാലത്ത് ആനന്ദന് റെയില്‍വേയില്‍ ടിക്കറ്റ് എക്‌സാമിനര്‍ ആയി ജോലി ലഭിച്ചെങ്കിലും സംഘടനാപ്രവര്‍ത്തനത്തിനു വേണ്ടി അതു വേണ്ടെന്നു വയ്ക്കുകയായിരുന്നു. 1956 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗം ആയി. പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎമ്മിലായി. ധാരാളം തൊഴിലാളിസമരങ്ങള്‍ക്കു നേതൃത്വം നല്‍കിയ ആനന്ദൻ പലവട്ടം ജയില്‍വാസമനുഭവിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് ഒന്നര വര്‍ഷത്തോളം ഒളിവില്‍ പ്രവര്‍ത്തിച്ചു. പിന്നീട് അറസ്റ്റിലായി. അടിയന്തരാവസ്ഥ അവസാനിച്ചതിനു ശേഷമാണ് ജയില്‍മോചിതനായത്.

ട്രാവൻകൂര്‍ തൊഴിലാളി യൂണിയൻ ജനറല്‍ സെക്രട്ടറി, 1972 മുതല്‍ കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ ജനറല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു. 12 വര്‍ഷം കയര്‍ഫെഡിന്റെ പ്രസിഡന്റായിരുന്നു. കയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായും സേവനമനുഷ്ഠിച്ചു. വിവിധ തൊഴിലാളി സംഘടനകളുടെ ഭാരവാഹിയായിരുന്നു. സിപിഎം പാര്‍ട്ടി സെക്രട്ടേറിയറ്റിലെ ആദ്യ തിരുവനന്തപുരം ജില്ലക്കാരൻ കൂടിയാണ് അദ്ദേഹം.

1987 ല്‍ ആറ്റിങ്ങലില്‍നിന്നാണ് ആദ്യതവണ നിയമസഭയിലെത്തിയത്. 91ല്‍ വീണ്ടും മല്‍സരിച്ചെങ്കിലും 316 വോട്ടിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ടി. ശരത്ചന്ദ്രപ്രസാദിനോട് പരാജയപ്പെട്ടു. 96 ല്‍ ആറ്റിങ്ങലില്‍ത്തന്നെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തിയായിരുന്നു രണ്ടാം ജയം. 2006 ല്‍ സി. മോഹനചന്ദ്രനെതിരെ 11208 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. 2006 മുതല്‍ 2011 വരെ ചീഫ് വിപ്പായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ കയര്‍മിത്ര പുരസ്‌കാരം, കയര്‍ മില്ലനിയം പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ കയര്‍ അവാര്‍ഡ്, സി.കേശവൻ സ്മാരക പുരസ്‌കാരം, എൻ.ശ്രീകണ്ഠൻ നായര്‍ പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES