ശാർക്കര ദേവീ ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് കാർഷിക വ്യാപാര വാണിജ്യ പ്രദർശന വിപണനമേളയ്ക്കു ക്ഷേത്രപറമ്പ് ലേലം ചെയ്യുന്ന നടപടി വൈകിപ്പിക്കുന്നതിനു പിന്നിൽ ഒരുസംഘം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻമാരാണെന്ന ആരോപണം വ്യാപകമാകുന്നു.
രണ്ടു മാസത്തിലധികം നീളുന്ന ശാർക്കര വ്യാപാര – വിപണന പ്രദർശന മേളയ്ക്ക് തുരങ്കം വയ്ക്കാൻ ചിലർനടത്തുന്ന കുതന്ത്ര നടപടികൾ ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുമെന്നു ദേവസ്വം ബോർഡിലുള്ളവർ തന്നെ പരാതിപ്പെടുന്നുണ്ട്.
ഉത്സവം കൊടിയേറുന്നതിനു ഒരുമാസം മുൻപാണ് മുൻകാലങ്ങളിൽ പറമ്പ് ലേലം ദേവസ്വം ബോർഡ് നടത്തിവന്നിരുന്നത്.
കഴിഞ്ഞ വർഷം 40ലക്ഷം രൂപയ്ക്കായിരുന്നു ലേലം ഉറപ്പിച്ചത്. ഉത്സവം തുടങ്ങി നാലാംനാൾ നടന്ന ലേലനടപടികളിൽ പങ്കെടുക്കാൻ കരാറുകാർ എത്താതായ തോടെ 40 ലക്ഷത്തിൽ തുക സ്ഥിരപ്പെടുത്തി.
ഇതിനിടെ ഉത്സവവിപണികളിൽ സ്ഥിരമായി പങ്കെടുക്കുന്ന കച്ചവടസംഘങ്ങൾ ലേലനടപടികൾ നീണ്ടതോടെ മറ്റു സ്ഥലങ്ങളിലേക്കു ചേക്കേറി. അതുമൂലം വിൽപ്പന സ്റ്റാളുകൾ ഏറിയപങ്കും ഒഴിഞ്ഞുകിടന്നു. കരാറുകാരന് വൻനഷ്ടം ഉണ്ടായി.
ഇക്കുറി നാലുവർഷ ങ്ങൾക്കു മുൻപു ലേലം കൊണ്ടതുകയുടെ പത്തുശതമാനം വർദ്ധനവുൾപ്പെടുത്തി ഒന്നേകാൽ കോടി രൂപ ലേലത്തുക കാണിച്ച് ഇ-ടെൻഡർ അടക്കം നാലുതവണ ലേലനടപടികൾ ഉണ്ടായെങ്കിലും ലേലത്തുകയിലുണ്ടായിട്ടുള്ള ഭീമമായ വർധനവും ലേലം വിളിക്കാനുണ്ടായ കാലതാമസവും കണക്കിലെടുത്തു കരാറുകാർ വിട്ടുനിന്നു. ജിഎസ്ടിയും നിരതദ്രവ്യവുമടക്കം ലേലംകൊള്ളുന്നയാൾ ഒന്ന രക്കോടിയോളം രൂപയാണ് അടയ്ക്കേണ്ടത്. ഇന്ന് വീണ്ടും തീരുവനന്തപുരത്ത് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ലേലനടപടികൾ നടക്കു മെന്നറിയിച്ചിട്ടുണ്ട്.
സാധാരണയായി ഓരോ വർഷവും ലേലത്തുകയുടെ 10ശതമാനം വർധനവാണു വരുത്തുക. എന്നാൽ പതിവുരീതി തെറ്റിച്ച് കഴിഞ്ഞ വർഷത്തെ ലേലത്തുക പരിഗണിക്കാതെ നാലു വർഷം മുൻപു നടന്ന ലേലത്തുകയുടെ 10ശതമാനം വർദ്ധനവുണ്ടാക്കി ലേലം നടത്തുന്നതിനു പിന്നിൽ ലേലനടപടികൾ അട്ടിമറിക്കുകയെന്ന ലക്ഷ്യമാണെന്നും പരാതിയുണ്ട്.
വർഷങ്ങൾക്കു മുൻപ് ഇതേരീതിയിൽ പറമ്പ് ലേലം പിടിക്കാൻ കരാറുകാർ ഇല്ലാതായതോടെ ദേവസ്വം ഉദ്യോഗസ്ഥൻമാരുടെ നേതൃത്വത്തിൽ സ്ഥലത്തിന് സ്ക്വയർഫീറ്റ് കണക്കിനുതുക വാങ്ങി നൽകിയിരുന്നു. അന്ന് ദേവസ്വംബോർഡിനു ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടായത്.

