ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ വിദ്യാർഥിനിയുടെ നടുവൊടിഞ്ഞ സംഭവത്തിൽ ജീവനക്കാരുടെ കെടുകാര്യസ്ഥതക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ. പരുക്കേറ്റ ആദിത്യയേ വീട്ടിൽ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
സൗജന്യ ചികിത്സ ഉറപ്പ് വരുത്തുന്നതിൽ പരാജയപ്പെട്ടു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം എം.ആർ.ഐ സ്കാനിംഗ് നടത്തുവാൻ കഴിയാത്ത അവസ്ഥ ആയിരുന്നു. സ്കാനിംഗ് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കി നൽകും. ആശുപത്രിയുടെ അനാസ്ഥ മൂലം ആണ് ഇത് സംഭവിച്ചത്. അത് സംഭവിക്കാൻ പാടില്ലാത്തത് ആണ്. കേരളത്തിലെ സര്ക്കാർ ആശുപത്രികളിൽ നിന്നും അനാസ്ഥ കാരണം മരണങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഇതിന് അറുതി വരുത്തണം. സര്ക്കാർ ആശുപത്രികളുടെ കെടുകാര്യസ്ഥതയെ കുറിച്ച് പഠിക്കുവാനും നടപടി എടുക്കുവാനും ആരോഗ്യ വകുപ്പ് മന്ത്രി തയ്യാറാകണം.
പരാതി കിട്ടിയിട്ടും അന്വേഷിക്കാത്ത സ്ഥലം എം.എൽ.എ ആദിത്യയെ കാണുവാൻ ഉള്ള സാമാന്യ മര്യാദ എങ്കിലും കാണിക്കണം എന്നും ശോഭ സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം സാബു, എൻ.എസ്. സജു, ദീപ സുരേഷ്, ബാബു, ജയൻ, ഗോപി, ബിനു എന്നിവരും ശോഭ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്നു.



