അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിൽ കണ്ടൽചെടികൾ വച്ച് പിടിപ്പിയ്ക്കുകയും അതുവഴി അഞ്ചുതെങ്ങിന്റെ ടൂറിസം സാധ്യതകളെ പ്രയോജനപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കാൻ ശ്രമിച്ച ഹരിത വനം പദ്ധതി പാളി.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച പദ്ധതി ഇപ്പോൾ പൂർണ്ണമായും നിലച്ച മട്ടാണ്. പദ്ധതിക്ക് തുടക്കത്തിൽ കാട്ടിയ ആവേശം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇപ്പോൾ ഇല്ലെന്നാണ് സൂചന.
കായൽ കരകളിലും മറ്റും കയർ മാറ്റുകൾ വിരിച്ച് നട്ടുപിടിപ്പിച്ച കണ്ടൽ തൈകളിൽ ഭൂരിപക്ഷവും നശിച്ചു. നിലവിൽ ഈ പ്രദേശങ്ങളിൽ പലതും പാഴ്ചെടികളാൽ കട്പിടിച്ച അവസ്ഥയാണ്.
പദ്ധതിയുടെ ഭാഗമായി അഞ്ചുതെങ്ങിലെ കായൽത്തീരങ്ങളിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികൾ കാണാൻ ടൂറിസ്റ്റ്കൾക്കും പൊതുജനങ്ങൾക്കും അവസരമൊരുക്കുന്നതിനോടൊപ്പം പഞ്ചായത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതിയുമായിരുന്നു അധികൃതർ ആസൂത്രണം ചെയ്തിരുന്നത്.
പദ്ധതിയുടെ ഭാഗമായി കായൽ തീരങ്ങളിൽ 2,800 ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം വിരിച്ച് അതിനുതാഴെ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതാണ്
ഹരിത വനം പദ്ധതിയുടെ ലക്ഷ്യം. സർക്കാർ സ്ഥാപനമായ കുഫോസാണ് വിത്തുകൾ ലഭ്യമാക്കിയത്. ഇവ മുളപ്പിക്കുന്നത് മുതൽ കണ്ടൽച്ചെടികളുടെ പരിപാലനം വരെ തൊഴിലുറപ്പ് തൊഴിലാളികൾക്കായിരുന്നു നൽകിയിരുന്നത്.
അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ വാർഡ് രണ്ട് – നെടുങ്ങണ്ട
വാർഡ് മൂന്ന് – കായിക്കര
വാർഡ് നാല് – കാപാലീശ്വരം
വാർഡ് അഞ്ച് – മുടിപ്പുര
വാർഡ് ആറ് – പുത്തൻനട
വാർഡ് ഏഴ് – വലിയപള്ളി
വാർഡ് എട്ട് – പൂത്തുറ
തുടങ്ങിയ വാർഡുകളിൽ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് കണ്ടൽച്ചെടികൾ നട്ടുവളർത്തി പദ്ധതി നടപ്പിലാക്കാൻ അധികൃതർ ലക്ഷ്യമിട്ടിരുന്നത്.
മൂന്നുവർഷം കൊണ്ട് കണ്ടൽച്ചെടികളുടെ പരിപാലനം ഘട്ടംഘട്ടമായി പൂർത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി ഹരിതവനം മാറ്റുമെമെന്നാണ് അധികൃതർ അന്ന് പറഞ്ഞത്.
കൂടാതെ, അഞ്ചുതെങ്ങ് കോട്ട, പൊന്നുംതുരുത്ത്, കായിക്കര, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതിയും,
ചിത്രശലഭ പാർക്കും ഔഷധ സസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും ഒരുക്കുമെന്നും
ഈ സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജുകളും ഉണ്ടാകുമെന്നും അധികൃതർ വാഗ്ദാനം നൽകിയിരുന്നു.
ഈ പദ്ധതിയ്ക്ക് ചിലവഴിയ്ക്കുന്ന ആകെ തുക എത്രയാണ് എന്നതെപറ്റി കൃത്യമായ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളുടെ ടൂറിസം മുഖഛായക്ക് പുത്തൻ മുഖം നൽകുവാൻ പ്രാപ്തമാണെന്ന തരത്തിൽ ആസൂത്രണം ചെയ്ത് കൊട്ടിഘോഷിച്ച് ഉൽഘാടനം നടത്തിയ പദ്ധതിയ്ക്ക് വേണ്ടി ആദ്യഘട്ടം ചിലവഴിച്ച ലക്ഷങ്ങൾ ജലരേഖയായ് മാറുകയായിരുന്നു.

