എസ്.എൻ.ഡി.പി യോഗം സ്ഥാപക ദിനാചരണം ചിറയിൻകീഴ് സഭവിള ശ്രീ നാരായണാശ്രമത്തിൽ ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ നടന്നു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻരാജ് പീതപതാക ഉയർത്തി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കെട്ടുറപ്പോടെയുള്ള സംഘടനാ പ്രവർത്തനങ്ങൾ അനിവാര്യമായിട്ടുള്ള സാഹചര്യത്തിലൂടെയാണ് സമുദായം കടന്നു പോകുന്നതെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സംഘടനാപാടവം യോഗം പ്രവർത്തകർ മുതൽക്കൂട്ടാക്കണമെന്നും ഡി.വിപിൻ രാജ് അഭിപ്രായപ്പെട്ടു.
ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിളയുടെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, എസ്.സുന്ദരേശൻ,എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ചന്ദ്രൻ പട്ടരുമഠം, സഭവിള ശ്രീനാരായണാശ്രമം സെക്രട്ടറി ഡി.ജയതിലകൻ, പ്രസിഡന്റ് വി.സുഭാഷ്, പുതുക്കരി എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് സന്തോഷ് പുതുക്കരി, എസ്.എൻ ട്രസ്റ്റ് ബോർഡംഗം ജിജു പെരുങ്ങുഴി, ഗുരുക്ഷേത്ര ഗുരുമണ്ഡപ ജില്ലാ സമിതി ജോയിന്റ് സെക്രട്ടറി സുരേഷ് തിട്ടയിൽ എന്നിവർ പ്രസംഗിച്ചു. വരുന്ന ഒരു വർഷക്കാലം സംഘടനാവർഷമായി ആചരിക്കാനും യൂണിയൻ തലത്തിൽ 20 ശാഖായോഗങ്ങൾ പുതുതായി രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
മൈക്രോ ഫിനാൻസ് യൂണിറ്റുകളുടെ എണ്ണം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനും യോഗത്തിൽ ധാരണയായി.

