കടയ്ക്കാവൂരിൽ പട്ടാപ്പകൽ വീടുകയറി ആക്രമണം നടത്തിയ പ്രതികൾ അറസ്റ്റിൽ. ശാർക്കര പൂത്തുറ ശിങ്കാരത്തോപ്പ് തരിശുപറമ്പ് പള്ളിപ്പുരയിടം വീട്ടിൽ പ്രിൻസ്(38), കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല ജീസസ് ഭവനിൽ ഫ്രെഡി(38) എന്ന് വിളിക്കുന്ന മാർട്ടിൻ എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ നവംബർ 27ന് രാവിലെ 11 മണിയോടെയാണ് സംഭവം. കടയ്ക്കാവൂർ തെക്കുംഭാഗം തെറ്റിമൂല സ്കൈ ലാൻഡിൽ അലക്സാണ്ട(55)റെ ആക്രമിച്ച കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അലക്സാണ്ടർ താമസിക്കുന്ന വീടിന്റെ ഹാളിൽ കയറി ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി വെട്ടിപ്പറിപ്പിക്കുകയും വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകളെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. അഞ്ചുതെങ്ങ് ബീച്ച് റോഡിൽ പരസ്യമായി അസഭ്യം പറഞ്ഞതിനെ വിലക്കിയതിനെ തുടർന്നാണ് അക്രമം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ അലക്സാണ്ടർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വർക്കല ഡിവൈഎസ്പി.പി. നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷ്.വി, എസ് ഐ ദീപു. എസ് എസ്, സിപിഒമാരായ ഡാനി, സജു, സിയാദ്, എ. എസ്. ഐ ശ്രീകുമാർ എന്നിവർ അടങ്ങുന്ന അന്വേഷണസംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച വെട്ടുകത്തി, ഇരുമ്പ് പൈപ്പ്,എന്നിവ പോലീസ് കണ്ടെടുത്തു. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

