Wednesday, August 21, 2024
HomeKADINAMKULAMകഠിനംകുളത്ത് പോലീസിനെ ബന്ധിയാക്കി പ്രതികളെ മോചിപ്പിച്ചു.

കഠിനംകുളത്ത് പോലീസിനെ ബന്ധിയാക്കി പ്രതികളെ മോചിപ്പിച്ചു.

കഠിനംകുളം പുതുക്കുറിച്ചിൽ പോലീസ് പിടികൂടിയ പ്രതികളെ ബന്ധുക്കൾ തടഞ്ഞ് രക്ഷപ്പെടുത്തി. അടിപിടിക്കേസ് പ്രതികളെ പിടികൂടിയപ്പോൾ സ്ത്രീകളടക്കമുള്ളവർ ചേർന്നാണ് രക്ഷപ്പെടുത്തിയത്. പുതുക്കുറിച്ചിൽ ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം.

ഇരു സംഘങ്ങൾ തമ്മിലുണ്ടായ അടിപിടി അറിഞ്ഞെത്തിയ കഠിനംകുളം പോലീസ് സ്ഥലത്തുണ്ടായിരുന്ന സഹോദരങ്ങളായ രണ്ടു പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ബന്ധുക്കളടക്കമുള്ളവർ പോലീസ് ജീപ്പ് തടഞ്ഞ് ഉദ്യോഗസ്ഥരെ ബന്ദികളാക്കുകയായിരുന്നു.മൂന്നു പോലീസുകാർ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്.

പ്രതിഷേധം ശക്തമായതോടെ നിവൃത്തിയില്ലാതെ കസ്റ്റഡിയിലെടുത്ത പുതുക്കുറിച്ചി സ്വദേശി നബിൻ, കൈഫ് എന്നിവരെ വിലങ്ങഴിച്ച് വിട്ടുകൊടുക്കുകയായിരുന്നു. തുടർന്ന് പ്രതികൾ വീടിനു മുകളിൽ നിന്നും പോലീസിന് നേരെ കല്ലും തടി കഷ്ണങ്ങളും എറിഞ്ഞു. പിന്നാലെ പ്രതികൾ ഓടിരക്ഷപ്പെട്ടു. സ്ഥലത്ത് ആളുകൾ കൂടിയതോടെ പ്രതിരോധിക്കാൻ ആറ്റിങ്ങൽ DYSP യുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും ആരെയും പിടികൂടാനായില്ല.
തമ്മിലടിച്ച സംഘങ്ങളിൽ പലരും നിരവധി കേസുകളിൽ പ്രതികളാണ്. തീരദേശമായതിനാൽ രാത്രി മറ്റു നടപടികൾ വേണ്ടെന്ന തീരുമാനത്തിൽ പോലീസ് സംഘം മടങ്ങി.

അടിപിടിയിൽ പരിക്കേറ്റ മൂന്നു പേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അടിപിടിയിലും പോലീസിനെ തടഞ്ഞതിനും കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES