സുരേഷ് ഗോപി – ജോഷി കോംമ്ബോയില് പ്രേക്ഷകര്‍ കാത്തിരുന്ന പാപ്പന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കാത്തിരിപ്പ് വെറുതെയായില്ല എന്ന തരത്തിലാണ് പ്രേക്ഷക പ്രതികരണങ്ങള്‍ വരുന്നത്.
സോഷ്യല്‍ മീഡിയയിലും മറ്റുമായി ഇതിനോടകം തന്നെ പാപ്പനെ കുറിച്ചുള്ള പ്രതികരണങ്ങള്‍ പ്രേക്ഷകര്‍ രേഖപ്പെടുത്തി കഴിഞ്ഞു. സുരേഷ് ഗോപിയുടെ പോലീസ് വേഷത്തിന്റെ ആരാധകരാണ് എന്നും മലയാളി പ്രേക്ഷകര്‍. വീണ്ടും ആ വേഷത്തില്‍ സുരേഷ് ഗോപിയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷവും ആരാധകര്‍ക്കുണ്ട്.
മികച്ച ഒരു ഫാമിലി ക്രൈം ത്രില്ലറാണ് പാപ്പന് എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. എബ്രഹാം മാത്യൂ മാത്തന് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
സ്ലോ പെയ്സിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞ് പോകുന്നത്. എങ്കിലും ഓരോ ഘട്ടങ്ങളിലും പ്രേക്ഷകരെ ത്രില്ലിടിപ്പിച്ചാണ് കഥ സംവിധായകൻ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇതിൽ ജോഷിയെന്ന മാസ്റ്റര്‍ ക്രാഫ്റ്റ്മാന്റെ കഴിവ് വളരെയേറെ പ്രകടവുമാണ്.
ചിത്രത്തിന്റെ അവസാനത്തെ 30-35 മിനിറ്റ് സുരേഷ്ഗോപി എന്ന സൂപ്പർ സ്റ്ററിന്റെ തീയറ്ററുകൾ ഇളക്കിമറിച്ചുള്ള പകർന്നാട്ടമായിരുന്നതായ് പ്രേക്ഷകര്‍ പറയുന്നത്.
ക്വാളിറ്റി വൈസ് സിനിമ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയിട്ടുണ്ട്. ഛായാഗ്രഹണം, ബിജിഎം എല്ലാം ചിത്രത്തിന് കൂടുതല്‍ മികവ് നല്കി. പെര്‍ഫോമന്‍സ് വൈസ് എല്ലാവരും ഗംഭീരമായി തന്നെ ചെയ്തു. ഗോകുല്‍ സുരേഷ്, നൈല ഉഷ, ആശ ശരത് തുടങ്ങി എല്ലാ അഭിനേതാക്കളും മികച്ച് നിന്നു. എടുത്ത് പറയേണ്ടത് പാപ്പന്റെ മകളുടെ വേഷം ചെയ്യ്ത ASI വിന്‍സി എബ്രഹാമായി അഭിനയിച്ച നീതാ പിള്ളയുടെ അഭിനയമാണ്. കഥയും മേക്കിങ്ങുമാണ് സിനിമയുടെ മെയിന്‍ എന്ന് പ്രേക്ഷകര്‍ പറയുന്നു.
സുരേഷ് ഗോപിയുടെ 252ാമത്തെ ചിത്രമാണ് പാപ്പന്. സുരേഷ് ഗോപിയും മകന് ഗോകുല്‍ സുരേഷും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാപ്പനുണ്ട്. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തിരിക്കുന്നത്. ഡേവിഡ് കാച്ചാപ്പിള്ളി പ്രൊഡക്ഷന്സിന്റെയും ഇഫ്താര്‍ മീഡിയയുടെയും ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മാതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ജാക്സ് ബിജോയ് ആണ്.

