മുതലപ്പൊഴി വഴിയിടത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ട് സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ രംഗത്ത് വന്നു. ഇതിന്റെ ഭാഗമായി വഴിയിടത്തിന്റെ (ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന്റെ) പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന ആവിശ്യവുമായി ചിറയിൻകീഴ് പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയ്ക്ക് നിവേദനം നൽകി.
ടേക്ക് എ ബ്രേക്ക് കെട്ടിടം നിലവിൽ യാതൊരു സമയക്രമങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്, മാത്രവുമല്ല, ഈ കെട്ടിടം ഇതിനോടകം മുന്നറിയിപ്പ് ഇല്ലാതെ, ദിവസങ്ങളോളം അടഞ്ഞുകിടക്കുന്ന അവസ്ഥയിലുമായിരുന്നു. ശുചിമുറികൾ തുറന്നു പ്രവർത്തിക്കാത്ത അവസ്ഥയിൽ ഇവിടെയെത്തുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കും ഹാർബറിൽ എത്തുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കും പ്രദേശവാസികൾക്കും വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്.
മാത്രവുമല്ല, ഈ കെട്ടിടം യാതൊരു ശുചിത്വ മാനദണ്ഡങ്ങളും പാലിക്കാതെയാണ് നിലവിൽ പ്രവർത്തിക്കുന്നത്. കെട്ടിടത്തിൽ വിൽപ്പന നടത്തുന്ന ആഹാരപദാർത്ഥങ്ങളുടെ ഉൾപ്പെടെയുള്ള അവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും കെട്ടിടത്തിന് സമീപത്തു തന്നെ അലക്ഷ്യമായി തള്ളുന്ന അവസ്ഥയിലാണുള്ളത്. ഇത് പരിസര മലിനീകരണത്തിനും കാരണമാകുന്നുണ്ട്.
അതിനാൽ, ഈ കെട്ടിടം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് (സമയക്രമത്തിനും അവധി ദിനങ്ങൾക്കും ശുചിത്വത്തിനും) പ്രവർത്തിപ്പിക്കുവാൻ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും ആവിശ്യപ്പെട്ടുകൊണ്ടാണ് നിവേദനം സമർപ്പിച്ചിട്ടുള്ളത്.