അഞ്ചുതെങ്ങ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പേര് മാറ്റി. CHC അഥവാ കമ്മ്യൂണിറ്റി സെന്റർ എന്ന് അറിയപ്പെട്ടിരുന്ന അഞ്ചുതെങ്ങ് സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ പേരാണ് മാറ്റിയത്. കേന്ദ്ര സർക്കാരിന്റെ നാഷനൽ ക്വാളിറ്റി അഷ്വറൻസ് സ്‌റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം ലഭിക്കുവാനായുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്.
ഇനിമുതൽ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്റർ (BFHC) (ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം) എന്നാകും അറിയപ്പെടുക. പെരുമാറ്റൽ നടപടികളിടെ ഭാഗമായി അഞ്ചുതെങ്ങ് ആശുപത്രിയുടെ മുന്നിലെ കവാടത്തിൽ സ്ഥാപിച്ചിരുന്ന പ്രധാന ബോർഡ് മാറ്റി സ്ഥാപിച്ചുകഴിഞ്ഞു. ബോർഡിൽ സംസ്ഥാന സർക്കാരിന്റെയും നാഷണൽ ഹെൽത്ത് മിഷന്റെയും ഹെൽത്ത് ഡിപ്പാർട്ട് മെന്റിന്റെയും, കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും എംബ്ലങ്ങളും കൂട്ടിചേർത്തിട്ടുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്റെ (ആർദ്രം) പദ്ധതിയുടെ ഭാഗമായാണ് പേരുമാറ്റമെന്നാണ് വിശദീകരണം. പദ്ധതി പ്രകാരം പ്രൈമറി ഹെൽത്ത് സെന്ററുകൾ (PHC) ഇനിമുതൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾ (CHC) ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളായുമാണ് മാറ്റിയിരിക്കുന്നത്.
ആശുപത്രികളുടെ സേവന സമയം വൈകിട്ട് 6 മണി വരെയാക്കി ഉയർത്തിയിട്ടുണ്ട്. കൂടാതെ, നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ട് ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും അറ്റകുറ്റപ്പണികളും ഇവിടെ ഏതാനും ദിവസങ്ങളായി നടന്നുവരുകയാണ്.