വർക്കല കടലിൽ ടൈറ്റാനിക്കിന് സമാനമായ തകർന്ന കപ്പൽ കണ്ടെത്തിയെന്ന പ്രചാരം, സ്വകാര്യ സ്കൂബ ഡൈവിങ് സ്ഥാപനത്തെ സഹായിക്കാനെന്ന ആക്ഷേപം ശക്തമാകുന്നു.
സാമൂഹ്യ പ്രവർത്തകനായ
അഞ്ചുതെങ്ങ് സജനാണ് ആരോപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസമാണ് വർക്കല കടലിടുക്കിൽ സ്കൂബ ഡൈവിങ്ങിനിടെ 40 അടിയോളം താഴ്ചയിൽ ഭീമാകാരമായ തകർന്ന കപ്പലിന്റെ ആവശ്ഷ്ടങ്ങൾ കണ്ടെത്തിയെന്ന വാർത്ത പ്രചരിച്ചത്.
വർക്കല തീരത്ത് സ്കൂബ ഡൈവിംഗ് നടത്തുന്ന സ്ഥാപനമായ
വാട്ടർ സ്പോർട്സിന്റെ സംഘമാണ് കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന അവകാശ വാദവുമായി ആദ്യമായി രംഗത്ത് വന്നത്. ഇവരുടെ പരിശീലനം ലഭിച്ച പ്രത്യേക സംഘം കഴിഞ്ഞ ഫെബ്രുവരി 2 ന് മേഖലയിൽ നടത്തിയ ഡൈവിങ്ങിനിടെ അതി സാഹസികമായ് ഇത് കണ്ടെത്തുകയായിരുന്നു എന്നായിരുന്നു ഇവരുടെ അവകാശവാദം. ഇത്, വ്യാപകമായ് പ്രചരിച്ചതോടെ, പ്രമുഖ ദൃശ്യ – വാർത്താ മുഖ്യധാരാ മാധ്യമങ്ങളെല്ലാം ഈ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
എന്നാൽ, ഇത് ഒരു പുതിയ കണ്ടുപിടുത്തമല്ലെന്ന ആക്ഷേപമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. തിരുവനന്തപുരം മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ തകർന്ന കപ്പലിനെപറ്റി അറിവുള്ളതാണെന്നും അതിനാൽ തന്നെ ഇതൊരു പുതിയ കണ്ടുപിടിത്തമായി ഉയർത്തി കാണിക്കുന്നതിൽ ബിസിനസ്സ് താല്പര്യങ്ങളാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ശ്രദ്ധേയമായ മറ്റൊരു കാര്യം, കഴിഞ്ഞ 2-3 വർഷങ്ങളായി ഈ മേഖലയിൽ തിരുവനന്തപുരം കേന്ദ്രമാക്കിയുള്ള ഒരു സംഘത്തിന്റെ സ്കൂബ ഡൈവിങ് നടന്നുവരികയുമാണ്. കൂടാതെ, ഇതുമായി ബന്ധപ്പെട്ട് അടുത്തിടെ ഒരു ഡെക്യൂമെൻട്രി പോലും പുറത്തിറങ്ങിയിരുന്നു. ഇത് കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വന്നിട്ടുള്ളതാണെന്നും പറയുന്നു.
ഇപ്പോഴുള്ള, ഈ പബ്ലിസിറ്റി സ്കൂബ ഡൈവിങ് സ്ഥാപനത്തെ പ്രൊമോട്ട് ചെയ്യാനും, ഇതുവഴി കൂടുതൽ ടൂറിസ്റ്റ്കളെ ആകർഷിക്കാനുള്ള തന്ത്രം മാത്രമാണെന്നുമാണ് ആക്ഷേപം.