വിവാധങ്ങൾക്കൊടുവിൽ ലക്ഷങ്ങൾ ചിലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ റെസ്ക്യൂ ബോട്ട് വീണ്ടും കട്ടപ്പുറത്ത്. ഇതോടെ മുതലപ്പൊഴിയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് കോസ്റ്റൽ പോലീസിന് വീണ്ടും മത്സ്യതൊഴിലാളികളുടെ സേവനം തന്നെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
നിലവിൽ എഞ്ചിൻ സംബന്ധമായ തകരാറുകളാണ് ബോട്ട് വീണ്ടും കട്ടപ്പുറത്ത് കയറുവാൻ കാരണം, കൃത്യമായ ഇടവേളകളിൽ എഞ്ചിൻ ഓയിൽ മാറ്റാത്തതാണ് നിലവിലെ തകരാറിന് കാരണമെന്നാണ് സൂചന.
ആറ് മാസമോ അല്ലെങ്കിൽ 250 മണിയ്ക്കൂറോ സർവ്വീസ് നടത്തിയാൾ എഞ്ചിൻ ഓയിൽ മാറ്റണമെന്നാണ് വ്യവസ്ഥ. കാലാവധി കഴിയാറായപ്പോൾ തന്നെ എൻജിൻ ഓയിൽ മറ്റണമെന്നുള്ള വിവരം കോസ്റ്റൽ ഡിപ്പാർട്ട്മെന്റിൽ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് അറിയിച്ചിരുന്നതായും പറയപ്പെടുന്നു. എന്നാൽ കോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ഇതായിനയുള്ള കരാറുകൾ നൽകിയിട്ടുള്ളത് കൊച്ചിൻ ഷിപ്പ്യാർഡിനാണ് ഓരോ ബോട്ട്കൾക്കും ഏകദേശം 20000 രൂപയോളമാണ് ഇതിനായുള്ള കരാർതുകയെന്നാണ് സൂചന. കോസ്റ്റൽ പോലീസിന്റെ സംസ്ഥാനത്തെ എല്ലാ റെസ്ക്യൂ ബോട്ട്കൾക്കും കൃത്യമായ ഇടവേളകളിൽ എഞ്ചിൻ ഓയിൽ ഉൾപ്പെടെയുള്ളവ മാറ്റി അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായി കരാർ നൽകിയിട്ടുണ്ട്. നിലവിൽ ഇതിന്റെ കാലാവധി കഴിഞ്ഞതാണ് ഇപ്പോഴുത്തെ പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്.
ഇനി, പുതിയ കരാർ നൽകിയാൽ മാത്രമേ, ബോട്ടിന് വീണ്ടും സർവീസ് ആരംഭിയ്ക്കുവാൻ സാധിക്കുകയുള്ളു. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കരാർ പുതുക്കുന്നതിനുള്ള പ്രധാന തടസ്സമെന്നാണ് സൂചന.
നിലവിൽ മറൈൻ എൻഫോഴ്സ്മെന്റ് ബോട്ടും കടലിൽ ഇറക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്. അഴിമുഖ ചാൽ മണൽ മൂടിയതോടെ ആവിശ്യത്തിന് ആഴമില്ലാതായതാണ് വലുപ്പകൂടുതലുള്ള മറൈൻ എൻഫോഴ്സ്മെന്റ് ബോട്ട് സർവ്വീസിന് തടസ്സമായത്.
മാത്രമല്ല ട്രോളിങ്ങ് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ മറൈൻ എൻഫോഴ്സ്മെന്റ് സേവനം ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയൊരു ബോട്ട് കൂടി എത്തുമെന്നും പറയപ്പെടുന്നു. എന്നാൽ ഈ ബോട്ടിനും നിലവിലെ സാഹചര്യത്തിൽ സർവ്വീസ് നടത്തുവാൻ സാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ഇതോടെ മുതലപ്പൊഴിയിലെ രക്ഷപ്രവർത്തനങ്ങൾ താളംതെറ്റിയ അവസ്ഥയിലായിരിക്കുകയാണ്. ഇത് മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

