മുതലപ്പൊഴി അഴിമുഖം സുരക്ഷിതമാക്കുന്നതിനായി മുതലപ്പൊഴിയിലെ സംസ്ഥാന സർക്കാരിന്റെ സുരക്ഷാ വാഗ്ധാനങ്ങൾ നടപ്പായില്ല. തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങളിൽ 68 മത്സ്യതൊഴിലാളികളുടെ ജീവനാണ് മുതലപ്പൊഴിയിൽ നഷ്ടമായത്. അപകടങ്ങൾ ഒഴിവാക്കാനും ഹാർബർ സുരക്ഷിതമാക്കാനുമായി മന്ത്രിസഭാ ഉപസമിതി നൽകിയ ഉറപ്പുകൾ യാഥാർത്ഥ്യമായില്ല.
അഴിമുഖം സുരക്ഷിതമാക്കാനായി സർക്കാർ ജൂലൈയിൽ പ്രഖ്യാപിച്ച 10 നിർദ്ദേശങ്ങളിൽ പല്ലതും മാസങ്ങൾ പിന്നിട്ടിട്ടും നടപ്പായില്ല. അപകടങ്ങൾക്കിടയാക്കുന്ന അഴിമുഖത്തെ മണ്ണൽ നീക്കം ചെയ്യാതായതോടെ മത്സ്യതൊഴിലാളികളുടെ ജീവനുപോലും ഭീക്ഷണിയായി മാറുകയാണ്. കൂടുതൽ മണൽ അഴിമുഖത്തേക്ക് അടിഞ്ഞുകൂടുന്നത് തുടർന്നാൽ വരും ദിവസങ്ങളിൽ ഇതു വഴിയുള്ള മത്സ്യബന്ധനം ഉപേക്ഷിക്കേണ്ടി വരും . മണ്ണൽ നീക്കം ചെയ്യാനുള്ള ചുമതല അദാനി ഗ്രൂപ്പിനാണ്.
മണൽ നീക്കം ചെയ്യുന്നതിനായി ഒരു മാസം മുമ്പേ ഡ്രഡ്ജർ എത്തിച്ചിട്ടുണ്ടെങ്കിലും പ്രവർത്തികളെന്ന് തുടങ്ങാനാകുമെന്നതിൽ വ്യക്തതയില്ല. സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ വരുന്ന ഏപ്രിൽ മാസത്തോടെ അവസാനിക്കും. പ്രവർത്തികൾ പരമാവധി നീട്ടികൊണ്ടു പോകാനാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് മത്സ്യതൊഴിലാളികളുടെ അക്ഷേപം.
അതിനിടെ പുലിമുട്ട് തകർന്ന് അഴിമുഖത്തേക്ക് വീണ കൂറ്റൻ കല്ലുകൾ നീക്കം ചെയ്യാനുള്ള ജോലിയും ഇഴഞ്ഞു നീങ്ങുകയാണ് . തെക്കേ പുലിമുട്ടിൽ നിന്നും വീണു കിടക്കുന്ന കല്ലുകൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും വടക്ക് ഭാഗത്തെ ജോലികൾ ഇനിയും തുടങ്ങാത്തതും അപകടങ്ങൾക്കിടയാകും. അപകടമുണ്ടായാൽ മത്സ്യതൊഴിലാളികളെ രക്ഷിക്കാൻ ബോയകൾ സ്ഥാപിക്കും, വെളിച്ച കുറവിന് 6 ലൈറ്റുകൾ സ്ഥാപിക്കും, സാൻഡ് ബൈപ്പാസിംഗിനായി 11 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കും, അഴിമുഖത്തേക്കുള്ള റോഡുകൾ നവീകരിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളാണ് യാഥാർത്ഥ്യമാകാത്തത്.

