എസ് എൻ ഡി പി യോഗം ചിറയിൻകീഴ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങൾ സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന ശിവഗിരി തീർഥാടന വിളംബര പദയാത്ര ഇന്നു(ബുധൻ) രാവിലെ 8.30നു ശാർക്കര ശ്രീനാരായണ ഗുരു ക്ഷേത്ര മണ്ഡപത്തിൽ നിന്നു ശിവഗിരിയിലേക്കു പുറപ്പെടും. ക്ഷേത്രമണ്ഡപത്തിൽ നടക്കുന്ന പദയാത്രിക സംഗമം അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ അധ്യക്ഷത വഹിക്കും. മുഖ്യാതിഥിയായ ശിവഗിരി മഠാധിപതി സ്വാമി സച്ചിതാനന്ദ പദയാത്ര ക്യാപ്റ്റനു പീത പതാക കൈമാറി അനുഗ്രഹ പ്രഭാഷണം നടത്തും. ക്ഷേത്ര നഗരിയിലെത്തുന്ന സ്വാമി സച്ചിതാനന്ദയെ ഗുരുവിശ്വാസികളുടെ അകമ്പടിയിൽ ക്ഷേത്ര സമിതി പ്രസിഡന്റ് ഡോ.ബി. സീരപാണി പൂർണ കുംഭം നൽകി വരവേൽക്കും. തുടർന്നു വിവിധ മേഖലകളിൽ മികവു തെളിയിച്ച ഡോ.ഗിരിജ, ഉണ്ണിക്കൃഷ്ണൻ ഗോപിക, ഡോ.ബി.സീരപാണി, ആർ. തുളസി, ബി. അനിൽകുമാർ, തങ്കരാജ്, രാജൻ സൗപർണിക, ആർ.എസ്. ഗാന്ധി കടയ്ക്കാവൂർ, ഷാജികുമാർ(അപ്പു), പി.സുഭാഷ് ചന്ദ്രൻ എന്നിവരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിക്കും. രമണി ടീച്ചർ വക്കത്തിന്റെ ദൈവദശക കീർത്തനാലാപനത്തോടെയാവും ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുക.
ശിവഗിരി മഹാതീർഥാടനത്തിന്റെ ലക്ഷ്യങ്ങൾ വിളിച്ചറിയിക്കുന്ന മുഖ്യ താലുക്ക് തല തീർഥാടന വിളംബര പദയാത്രയിൽ പീതവസ്ത്രധാരികളായ 1000 ഗുരു വിശ്വാസികൾ അണിനിരക്കും. ഗുരുദേവ വിഗ്രഹവും വഹിച്ചു കൊണ്ടുള്ള പുഷ്പരഥം പദയാത്രയെ അനുഗമിക്കും. കടയ്ക്കാവൂർ, അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങൾ വഴി വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടേയും എസ് എൻ ഡി പി ശാഖാ യോഗങ്ങളുടേയും സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ടു 5.30നു ശിവഗിരി മഹാസമാധി മന്ദിരത്തിലെത്തി പ്രണാമങ്ങളർപ്പിച്ചു സമാപിക്കും. പദയാത്രയിൽ പങ്കെടുക്കേണ്ട വിശ്വാസികൾ രാവിലെ എട്ടിനു മുൻപായി ശാർക്കര ക്ഷേത്ര നഗരിയിൽ എത്തിച്ചേരണമെന്നു പദയാത്ര സ്വാഗത സംഘം ജനറൽ കൺവീനർ ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു. ഫോൺ: 9447044220.