പക്ഷികളില്‍ വരുന്ന വൈറല്‍ പനിയാണ് പക്ഷിപ്പനി. ഏവിയന്‍ ഇന്‍ഫ്ലുവന്‍സ വൈറസാണ് പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാല്‍ പക്ഷികള്‍ കൂട്ടത്തോടെ ചാകും.
മനുഷ്യരിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് പക്ഷിപ്പനിയുടെ പ്രത്യേകത. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്. പക്ഷിപ്പനി മനുഷ്യനിലേക്ക് ആദ്യം പടര്‍ന്നത് ചൈനയിലാണ്.
മനുഷ്യനെപ്പോലെ എല്ലാ ജീവജാലങ്ങള്‍ക്കും പനി പിടിക്കും. പന്നിപ്പനി, പട്ടിപ്പനി, കുതിരപ്പനി, പക്ഷിപ്പനി. നാടന്‍ ഭാഷകളില്‍ പനികളെ ഇങ്ങനെ വിഭജിക്കാം.
ആദ്യകാലങ്ങളില്‍ മൃഗങ്ങളില്‍നിന്ന് മൃഗങ്ങളിലേക്കും പക്ഷികളില്‍നിന്ന് പക്ഷികളിലേക്കും മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുമായിരുന്നു പനി പടര്‍ന്നിരുന്നത്. എന്നാല്‍, പക്ഷികളില്‍നിന്നും മൃഗങ്ങളില്‍നിന്നും മനുഷ്യരിലേക്ക് രോഗം ആദ്യം പടര്‍ന്നത് 1997ലാണെന്നു ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.
ചൈനയിലെ ഹോങ്കോങ്ങിലാണ് പക്ഷിപ്പനി ആദ്യമായി മനുഷ്യരിലേക്ക് പടര്‍ന്നത്. പനിപിടിച്ച് അന്ന് ഒട്ടേറെ മരണങ്ങളുണ്ടായി.
ചൈനയ്ക്ക് പിന്നാലെ ഏഷ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പടര്‍ന്നു. 2003ലും 2004ലും ഏഷ്യന്‍രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കുമൊക്കെ രോഗമെത്തി.
പക്ഷിപ്പനി പിടിപെട്ടാല്‍ പ്രദേശത്തെ പക്ഷികളെ ചുട്ടുകൊല്ലുന്നതാണ് നിലവിലെ പ്രതിവിധി.
2005ല്‍ വിയറ്റ്നാമിലുണ്ടായ പക്ഷിപ്പനിയെത്തുടര്‍ന്ന് 140 ദശലക്ഷം പക്ഷികളെ ചുട്ടുകൊന്നിട്ടുണ്ടെന്നാണ് കണക്ക്. പക്ഷിപ്പനി-വസ്തുതകൾ
ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണം. പക്ഷികളില്‍ സാധാരണ കണ്ടുവരുന്നതാണിത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ഇത് മനുഷ്യരിലേക്ക് പകരാം. പക്ഷികളുടെ വിസര്‍ജ്യത്തിലൂടെയും ശരീരദ്രവങ്ങള്‍ വഴി വായുവിലൂടെയുമാണ് പകരുന്നത്.
സാധാരണ പനി, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ചുമ, കഫക്കെട്ട്, മഞ്ഞനിറത്തിലുള്ള കഫം, ശ്വാസംമുട്ടല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
പ്രതിരോധശേഷി കുറഞ്ഞവരിലും പ്രമേഹമുള്ളവരിലും പനി കൂടി ന്യൂമോണിയ ആകാനുള്ള സാധ്യതയുണ്ട്. മരണവും സംഭവിക്കാം.
▪️ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതും
- ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ ദേശാടനകിളികളെയോ ഇവയുടെയൊക്കെ കാഷ്ഠമോ ഒക്കെ കൈകാര്യം ചെയ്യേണ്ട സാഹചര്യം വന്നാൽ അതിനുമുൻപും ശേഷവും ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കേണ്ടതാണ്.
2.രോഗത്തിന്റെ പ്രഭവകേന്ദ്രത്തിൽനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ളതോ രോഗം ബാധിച്ചതോ ചത്തതോ ആയ പക്ഷികളെ കൈകാര്യം ചെയ്യുമ്പോൾ കൈയുറയും മാസ്കും നിർബന്ധമായും ധരിക്കേണ്ടതാണ്.
- കോഴികളുടെമാംസം (പച്ചമാംസം) കൈകാര്യം ചെയ്യുന്നതിന്മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കേണ്ടതാണ്.
- നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക
- നിങ്ങളുടെ തൊട്ടടുത്ത് അസാധാരണമാം വിധം എണ്ണം പക്ഷികളുടെ കൂട്ടമരണം ശ്രദ്ധയിൽപെട്ടാൽ അടുത്തുള്ള മൃഗസംരക്ഷണവകുപ്പിന്റെ സ്ഥാപനത്തിൽ അറിയിക്കുക.
- പക്ഷികളെ കൈകാര്യം ചെയ്തശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടാൽ അടുത്തുള്ള മെഡിക്കൽ ഡോക്ടറെ ബന്ധപെടുക.
- വ്യക്തിശുചിത്വം ക്യത്യമായി പാലിക്കുക
- വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക
- രോഗം ബാധിച്ച പക്ഷികളെ കൊന്നൊടുക്കുന്നതിനും രോഗബാധിതപ്രദേശങ്ങൾ ശുചീകരിക്കുന്നതിനും ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
- ശുചീകരണത്തിനായി 2% സോഡിയം ഹൈഡ്രോക്സൈഡ് ലായനി, പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി, കുമ്മായം എന്നിവ ഉപയോഗിക്കാം.
- അണുനശീകരണം നടത്തുമ്പോൾ സുരക്ഷിതമായ വസ്ത്രധാരണം ഉറപ്പുവരുത്തേണ്ടതാണ്.
- നിരീക്ഷണമേഖലയിൽ പക്ഷികളുടെ മരണം ശ്രദ്ധയിൽപെട്ടാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതാണ്.
▪️ചെയ്തു കൂടാത്തത്
- ചത്തതോ രോഗംബാധിച്ചതോ ആയ പക്ഷികളെയോ ദേശാടനകിളികളെയോ പക്ഷി കാഷ്ഠമോ നേരിട്ട് കൈകാര്യംചെയ്യേണ്ട സാഹചര്യം ഒഴിവാക്കുക.
- പകുതി വേവിച്ച മുട്ടകൾകഴിക്കരുത് (ബുൾസ്ഐ പോലുള്ളവ)
- പകുതിവേവിച്ച മാംസം ഭക്ഷിക്കരുത് (പിങ്ക് നിറം ഉണ്ടാകരുത്)
- രോഗബാധയേറ്റ പക്ഷികളുള്ള പ്രദേശത്തുനിന്നും ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ വാങ്ങുകയോ വിൽക്കുകയോ അരുത്.
- അനാവശ്യമായി മൂക്കിലും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കുക.
- അഭ്യൂഹങ്ങൾ പരത്താതിരിക്കുക.


