Tuesday, August 27, 2024
HomeANCHUTHENGUതിരുവനന്തപുരം ജില്ലയിലെ തീരശോഷണം.. ❓️

തിരുവനന്തപുരം ജില്ലയിലെ തീരശോഷണം.. ❓️

തീരദേശ പദ്ധതികൾ നടപ്പിലാക്കുന്നതിന്
മുന്നോടിയായി ഒരു ഇന്റർനാഷണൽ കൺസൾട്ടൻസിയെ കൊണ്ട് സുമുദ്രത്തിന്റെ അടിത്തട്ടിലുള്ള മണ്ണിന്റെ ഘടനയും ആഴവും മനസ്സിലാക്കാൻ ജിയോടെക്നിക്കൽ ഇൻവെസ്റ്റിഗേഷനും, തിരമാലകളെയും, അടിയൊഴുക്കുകളേയും, വേലിയേറ്റ-വേലി ഇറക്കങ്ങളേയും, ജലപ്രവാഹങ്ങളേയും കുറിച്ച് പഠിക്കാൻ ഹൈഡ്രോ ഗ്രാഫിക് സർവ്വേയും നടത്തി ലഭിക്കുന്ന ഡാറ്റയുടെയും മുൻകാല പഠനങ്ങളിൽ ശേഖരിച്ചിട്ടുള്ള ഡേറ്റുകളുടേയും അടിസ്ഥാനത്തിൽ സോഫ്റ്റ് വെയർ സഹായത്തോടെ കൃത്യമായ മോഡലിങ് സ്‌റ്റഡി നടത്തിയ ശേഷമാണ് തീരദേശ നിർമ്മിതികൾ ഡിസൈൻ ചെയ്യപ്പെടുന്നത്.

തിരുവന്തപുരം ജില്ലയുടെ തീരങ്ങൾ നഷ്ടമാക്കുന്നത് ലോംഗ്-ഷോർ ഡ്രിഫ്റ്റ് എന്ന തീര പ്രതിഭാസം മൂലമാണെന്ന് പറയുന്നു. എന്താണ് ഇതിലെ വസ്തുതയെന്ന് നോക്കാം‌. തീരത്തേക്ക് ചെരിഞ്ഞ കോണിൽ വരുന്ന തിരമാലകൾ തുറമുഖങ്ങളിലും അഴിമുഖങ്ങളിലും (Port & Harbor) തീരത്തിന് ലംബമായി സ്ഥാപിച്ചിട്ടുള്ള പുലിമുട്ടുകൾ (ഗ്രോയിനുകൾ), ബ്രേക്ക്‌വാട്ടറുകൾ പോലുള്ള നിർമ്മിതികളിൽ വന്നിടിച്ച ശേഷം തീരത്തിന് സമാന്തരമായി ഒരു അടിഒഴുക്ക് ഉണ്ടാക്കുന്നു. ഇതിനെ ലോംഗ് ഷോർ കറണ്ട് എന്ന് പറയുന്നു.

ഇത്തരത്തിലുണ്ടാകുന്ന ശക്തമായ ലോംഗ് ഷോർ കറണ്ട് മൂലം പുലിമുട്ടിന്റെ (ഗ്രോയിൻറെ)/ ബ്രേക്ക്‌വാട്ടറിന്റെ ഒരു ഭാഗത്തെ തീരം മണൽ ഒലിച്ച് പോയി അവിടെ തീരശോഷണവും, മറുഭാഗത്ത് ഇതേ മണൽ വന്നടിഞ്ഞ് പുതിയ തീരം രൂപപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ലോംഗ് ഷോർ ഡ്രിഫ്റ്റ് എന്ന് പറയുന്നത്. ഇത് സമുദ്രശാസ്ത്ര പഠനത്തിൻറെ ബാലപാഠമാണ്.

അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ നിർമ്മിച്ചിട്ടുള്ള ബ്രേക്ക് വാട്ടറിന്റെ ഡിസൈൻ പിഴവ് മൂലം
മുതലപ്പൊഴി ഹാർബറിന്റെ അഞ്ചുതെങ്ങ് തീരത്ത് നിന്ന് മണൽ ഒലിച്ച് പോയി വലിയ രീതിയിൽ തീരശോഷണവും, അഞ്ചുതെങ്ങ് തീരത്ത് നിന്ന് ഒലിച്ച് പോയ മണ്ണ് മുതലപ്പൊഴി ഹാർബറിന്റെ പെരുമാതുറ ഭാഗത്ത് അടിഞ്ഞ് കൂടി പുതിയ തീരവും രൂപപ്പെട്ടു കൊണ്ടിരിക്കുന്നു.

ഭൗമ ഘടനപരമായ സവിശേഷതകൾ വച്ച് നോക്കുമ്പോൾ, വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മിച്ചിട്ടുള്ള ബ്രേക്ക്-വാട്ടർ മൂലമുള്ള തീരശോഷണം വലിയ തോതിൽ ഉണ്ടാക്കാനുള്ള സാധ്യത കുറവാണ്. വിഴിഞ്ഞത്ത് നിന്ന് പൂവ്വാർ ആഴിമല ഭാഗത്ത് തീരത്തിന്റെ വ്യാപ്തി കൂടിയിട്ടുണ്ടെങ്കിലും, വിഴിഞ്ഞത്ത് നിന്ന് കോവളം വരെയുള്ള ഭാഗത്ത് ചെറിയ രീതിയിൽ തീരശോഷണം ഉണ്ടായിട്ടുണ്ടെന്ന് മനസ്സിലാക്കുന്നു.

വലിയതുറ, ശഖുമുഖം ഭാഗത്തെ തീരശോഷണം വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് നിർമ്മിച്ചിട്ടുള്ള ബ്രേക്ക്-വാട്ടർ മൂലമാണെന്ന് വിശ്വസിക്കുന്നില്ല. വലിയ തുറയിൽ തീരത്തിന് ലംബമായി നിർമ്മിച്ചിട്ടുള്ള കടൽ പാലത്തിന്റെ (സീബ്രിഡ്‌ജ്) ഫൗണ്ടേഷൻ നിർമ്മിതിയുമായി ബന്ധപ്പെട്ടതാകാനും സാധ്യതയുണ്ട്. നമ്മുടെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത് സമുദ്രത്തിലെ ജലപ്രവാഹങ്ങളാണ്. സമകാലീന കാലവസ്ഥ വ്യതിയാനങ്ങൾ കടലിനേയും തീരത്തേയും പ്രതികൂലമായി ബാധിക്കാം.

ആഗോളതാപനവുമായി ബന്ധപ്പെട്ട് സമുദ്രനിരപ്പ് ഉയരുന്നത് വലിയ സാമൂഹിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് ഇതുവരെ നമ്മുടെ ശാസ്ത്ര സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു വസ്തുതയായി ഇന്നും തുടരുന്നു!സമുദ്രനിരപ്പ് ഉയരുന്നത് തടയാൻ കഴിയില്ലെങ്കിലും, തീരദേശ പദ്ധതികളോടുള്ള സർക്കാരിന്റെയും നഗര ആസൂത്രകരുടെയും ഭാവി സമീപനം അനിവാര്യമായ സമുദ്രനിരപ്പ് വർദ്ധനയുമായി പൊരുത്തപ്പെടുന്ന തീരദേശ രൂപകൽപ്പനയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.

ഗൂഗിൾ മാപ്പ് നോക്കിയാൽ ഏത് സാധാരണക്കാരനും കാര്യങ്ങൾ കൂടുതൽ വ്യക്തമാകും! ഗവേഷണം നടത്തി മഹാ പ്രബന്ധങ്ങൾ തയ്യാറാക്കി കണ്ടെത്തേണ്ടതായ ഒരു വസ്തുതയും ഇതിലില്ല . ഗവേഷണ ഫണ്ട് അടിച്ച് മാറ്റുന്നതിനു വേണ്ടിയുള്ള തട്ടിപ്പ് ഗവേഷണങ്ങളാണ് നമ്മുടെ ഭൂരിഭാഗം യൂണിവേയ്സിറ്റികളിലും ഗവേഷണ കേന്ദ്രങ്ങളിലും നടക്കുന്നത്.

സുബു സുധീഷ്ബാബു.
Geotechnical Engineer Kuwait (Specialized in Ocean Technology & Marine Geology)

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES